Sunday, February 20, 2011


















ലിയ വീട് പണിയുമ്പോള്‍   കരുതിയതാണ്‌ വീടിനൊരു ബാല്‍കണി   വേണമെന്ന അഗ്രഹം. തിരിച്ചുവന്നാല്‍  ഒന്നിരുന്നു വല്ലതും വായിക്കാനും എഴുതാനും ഒക്കെ നല്ലതല്ലേ ഒരു  ..   ബാല്‍‍ കണി....... എല്ലാ അവധിയും ഓരോമാസം മാത്ര മായിരുന്നു,  അവധിക്കു    യാത്ര  തിരിക്കുന്നതിനു മുന്‍പ് അതെകുറിച്ച് സ്വപ്നം കാണുമായിരുന്നു
ബാല്‍കണിയിലെ ചാരുപടിയില്‍ ഇപ്രാവശ്യം എങ്കിലും ഒന്നിരിക്കണം, മുന്‍പിലെ വിശാലമായ  പറമ്പില്‍ നിവര്‍ന് നില്‍കുന്ന തെങ്ങിന്‍തലപ്പും മരങ്ങളുടെ പച്ചപ്പും നോക്കി   വിദൂരതയിലേക്ക് കണ്ണയച്ചുകൊണ്ട് ഓരോന്ന് ചിന്തിച്ചു വെറുതെ അങ്ങിനെ...
ഈ വീട് പണിയുന്ന കാലത്ത്   തൊട്ടടുത്തോന്നും വീടുകള്‍ ഇല്ലായിരുന്നു, ഇപ്പോള്‍   ഒരുപാടു നല്ല  ഭംഗിയുള്ള  വീടുകള്‍  ‍ചുറ്റുംവന്നു, നല്ല അയല്‍വാസികള്‍.  അടുത്തുള്ള എല്ലാ വീടുകള്‍ക്കുമുണ്ട്   ബാല്‍ കണി  കള്‍
ഒന്നാന്തരം മരത്തിന്‍റെ  കൊത്ത്  പണി കളുള്ള മനോഹരമായ ചാരുപടികളുളള  ‍ബാല്കണികള്‍ ആവീടുകള്‍ക് ചാരുതയേകി.
പക്ഷെ  ഒരിക്കലും അതിലൊന്നും ആരും ഇരുന്നതായി കണ്ടിട്ടില്ല..  വൈകുന്നേരത്തെ നടത്തത്തിനിടയില്‍  വെറുതെ ഞാന്‍  ആവീടുകളുടെ  ഒന്നാം നിലയിലേക്ക് ആകാമ്ക്ഷയൊടെ
കണ്ണയക്കും. യുവ മിഥുനങ്ങളെയോ അല്ലെങ്കില്‍ വൃദ്ധ ദമ്പതികളെയോ
പരീക്ഷക്കു ശല്യവുമില്ലാതെ പഠിക്കുന്ന ഒരുകൊച്ചു പെണ്‍കുട്ടി  പോലും ആ  ബാല്‍ കണി    ‍കണികളില്‍ ഉണ്ടായിരുന്നില്ല, ഏകാന്തമായ ആചാരുപടികളിലിരുന്നു ദൂരെ ദൂരെ കണ്ണയക്കുന്ന നിറയെ മുല്ലപ്പൂകള്‍ ചൂടിയ ഒരുയുവതി, അല്ലെങ്കില്‍, മാക്സി അണിഞ്ഞു തലമറച്ച കുടുംബിനി.....     ഒരിക്കലും അങ്ങിനെ ആരേയും കണ്ടതായി എന്‍റെ ഓര്‍മ കളില്‍ഇല്ല .
ആര്‍കും വേണ്ടാത്ത നിര്‍ജീവമായ ആ ബാല്‍കണികള്‍   . വെയിലിലും മഴയിലും    പ്രവാസിയുടെ ഹൃദയങ്ങള്‍ പോലെ  വിണ്ടുകീറിയും പൂപ്പല്‍ പിടിച്ചും എന്നോ വരുന്ന ഉടസ്ഥരേയും കാത്തിരുന്നു..
ഇരുപതുവര്‍ഷത്തെ  മടുപ്പിക്കുന്ന പ്രവാസം ...  ഓര്‍കാന്‍  
ഒരിക്കലും ഇഷ്ടപെടാത്ത  ദിവസങ്ങള്‍ ‍ മാസങ്ങള്‍, വര്‍ഷങ്ങള്‍, എല്ലാംകഴിഞ്ഞു, ഒടുവില്‍ ഒരു മടക്കയാത്ര...
അതെനിക്ക് എറേ പ്രതീക്ഷനല്‍കിയിരുന്നു .
ഇനിഅലാറം കേട്ടുണരെണ്ട, ബാത്ത്റൂമിന് മുന്‍പില്‍ ക്യൂനില്‍കേണ്ട ,
ചായക്കു വേണ്ടി ടീ  ബോയ്‌യുടെ വിളറിയ മുഖം കാണേണ്ട. ഒടുങ്ങാത്ത ഫോണുകളുടെ  മണി യടി കള്‍... ,ഷിപ്പിങ്ങിന്‍റെ   തിരക്കേറിയ ദിവസങ്ങള്‍,  മറുപടിക്കായി കാത്തിരിക്കുന്ന ഇ മെയിലുകള്‍, ടെസ്പാച്ചിംഗ് കാത്തിരിക്കുന്ന ബി. എല്ലുകള്‍   ഒന്നിനെ  കുറിച്ചും  ഇനി  വ്യാകുലപ്പെടേണ്ട
ഒരു റിപ്പോര്‍ട്ടും ഉണ്ടാക്കി ഇനി  മേലേക്ക്  അയക്കേണ്ട,  പണ്ടെങ്ങോ എവിടെയോ മരിച്ച കോഴിയുടെ ചികരി  നാരുകളുള്ള കറിയും റബ്ബര്‍ കുബ്സും കഴിക്കേണ്ട,ഫ്രിഡ്ജിലേ
പഴക്കം ചെന്ന മീന്‍ കറിയുടെ ദുസ്വാദും എത്ര കഴുകികായാലും മാറാത്ത ഉളുമ്പ് മണത്തിനും ഒക്കെ വിട പറഞ്ഞുകൊണ്ട്,  തിരിച്ചു വരവുകള്‍ ഒരു  ആഘോഷ മാക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ഒരുപാട് പുസ്തകങ്ങള്‍  വായിക്കാന്‍  ഉണ്ടായിരുന്നു.  
ഓരോ അവധിക്കാലത്തും വാങ്ങിക്കൂട്ടിയ  പുസ്തകങ്ങള്‍ ,  കരപരിലാളനത്തിനായി മണിയറയില്‍  കാത്തിരിക്കുന്ന വധുവിനെ പ്പോലെ, വായിക്കാതെ  ചില്ലലമാരയില്‍  നിരന്നിരിക്കുക്കയാണ് അവയെല്ലാം, അതെല്ലാം  വായിക്കണം , വീടിന്‍റെ ചാരുപടിയില്‍ പിറകില്‍ തലയിണവെച്ച്  അല്പം ചാരിയിരുന്നുള്ള വായന എന്ത് രസമാണ്...
ഇടവേളകളില്‍ അകലെ  ആകാശ നീലിമയിലേക്ക്  നോക്കികൊണ്ട് വെറുതെ ഇരുന്ന ഓരോന്ന്  ചിന്തിച്ചു അങ്ങിനെ...
കല്യാണം കഴിഞ്ഞ ശേഷമുളള അഞ്ചെട്ടു വര്‍ഷങ്ങള്‍, ആ  അവധിക്കാലത്ത്  അവള്‍ പറയും , ഒന്ന്കില്‍ എന്നെ അങ്ങോട്ട്‌ കൂട്ടുകയോ, നിങ്ങള്‍ മതിയാക്കി  വരുകയോ ചെയ്യണം, പിന്ന്ട് രണ്ടും നടക്കില്ലന്നു തോന്നിയപ്പോള്‍ അവള്‍ പറയുന്നത് നിര്‍ത്തി, അപ്പോഴേക്ക് കുട്ടികളുടെ പഠനം , വീടി  ന്‍റെ പണി ഒക്കയായി.....അങ്ങിനെ.... എല്ലാം അവള്‍ക് മനസ്സില്ലായി തുടങ്ങി യിരുന്നു
 അതുകഴിഞ്ഞ് ചില വനിതാ കൂട്ടായ്മകളില്‍   അവളും തിരക്കിലായി...തിരക്കുകളിലും അവള്‍ വേണ്ടതെല്ലാം ചെയ്തു, എല്ലാ
വെക്കേഷനുകളിലും , ചൂടാറാതെ ചായ നേരത്തിനു ഇരിക്കുന്നിടത്ത് എത്തിച്ചു,എപ്പൊഴും അരികില്‍ ഓരോന്ന് പറഞ്ഞും ചിരിച്ചും കളി പറഞ്ഞും  കൊണ്ട് അവള്‍ അടുത്ത് തന്നെ.....  ഓരോവിളിയിലും ,വിളിക്കാതെയും ഓടിയെത്തി , അങ്ങിനെ കൂടെത്തന്നെ..... ...
മഴയത്തും വെയിലത്തും മഞ്ഞത്തും ഞങ്ങള്‍ അവധി      തീരുംവരെ ഒന്നിച്ച്ചിരുന്നും  ഒന്നിച്ചു കിടന്നും ഒക്കെ....   
പൊടിയരിക്കഞ്ഞിയും,  തേങ്ങാചമ്മന്തിയും,ചക്കക്കൂട്ടാനും ,കല്ലുമ്മക്കായും, കപ്പയും മത്തിയും,ചക്കക്കുരു വരട്ടിയതും അവള്‍ എനിക്ക് വേണ്ടി  മാത്രമായി  ഇഷ്ട വിഭവ മൊരുക്കി  , ഇലയടയും, ഇറച്ചി അടയും പഴം നിറച്ചതും,പഴം വാട്ടിയതും,അരിപ്പത്തിരിയും
നെയ്പത്തിരിയും,   എല്ലാം നേരത്തും, നേരം തെറ്റിയ നേരത്തും തീറ്റിച്ചു,  ആ ഒഴിവുകാലങ്ങള്‍ ആഘോഷ മാക്കി. അപ്പോഴൊക്കെ  എനിക്ക് തോന്നി ഞാനില്ലാതെ ഈ വീട്ടില്‍ എന്തോരാഘോഷം....
എങ്കിലും യാത്ര തിരിക്കുമ്പോഴുള്ള ആ വേദന.... ഒരുമാസത്തെ വാഴ്ചക്കും വേഴ്ച്ചക്കും ഒടുവില്‍  ഒരുയാത്ര....    തിരിച്ചെത്തിയാലുടനെ, വീണ്ടും മലയാളത്തനിമയുടെ രാമരാജ് കോട്ടന്‍  മുണ്ടില്‍ നിന്നും ,മടുപ്പിക്കുന്ന എക്സ്ക്യുട്ടീവ്   ഉടയാടകളി ലേക്കുള്ള മടക്കം,പിന്നീടു
ശിഫാ അല്‍ജസീറയില്‍  പോയൊരു ചെക്ക്‌അപ്പ്, കൊളസ്ട്രോള്‍ അതിന്‍റെ നാട്ടുച്ച യിലായിരിക്കും..
പിന്നീടു    കുബ്സും സാലഡും, ഉണക്ക ചപ്പാത്തിയും,വെജിറ്റബിള്‍ കറിയും വ്യാഴാഴ്ച കളിലെ   പുറംതീറ്റയും ഒക്കെയായി അങ്ങിനെ.... ‌ എല്ലാം സഹിച്ചു മനസ്സു   പാറയായി. ഇനി വയ്യ തിരിച്ചു പോക്ക് തന്നെ.......
മെഡിസിനും.ഇഞ്ചീ നിയരിങ്ങിനും പഠിക്കുന്ന 
കുട്ടികള്‍ രണ്ടും ഹോസ്റ്റലില്‍,  അവളും ഒരുഅകന്ന ബന്ധുവായ സ്ത്രീ  കൂട്ടിനു മായി  തനിച്ചു കഴിയുമ്പോള്‍  എന്‍റെ തിരിച്ചുവരവ്‌ അവളില്‍ എറേ സന്തോഷം പകരാ തിരിക്കില്ല
ഒടുവിലെ എല്ലാ  മടക്ക  രാത്രികളിലും  നിറകണ്ണു കളോടെ എന്‍റെ നെഞ്ചില്‍ ചേര്‍ന്ന്കിടന്നു..  ഞാന്‍ ആ  നീണ്ട മുടികളില്‍  പതുക്കെ തലോടിക്കൊണ്ട് അങ്ങിനെ ,,,,,അപ്പോള്‍ 
അവള്‍ കരയുകയായിര്‍ക്കും, ജനല്‍ചില്ലുകള്‍ ക്കുപുറത്തു അപ്പോള്‍ മഴ തിമര്‍ത്തുപെയ്തു, ചരല്‍ കല്ലുകള്‍ വാരി എറിയുന്നത് പോലെ   , പുതുമഴയുടെ   കുളിര്‍കാറ്റില്‍ നഞ്ഞ 
മണ്ണി ന്‍റെ   മണം...ചുണ്ടത്തു കണ്ണീരി ന്‍റെ ഉപ്പുരസം
യാത്രപറയാന്‍നേരം തുടുത്ത കവിളിലൂടെ കണ്ണീര്‍ പൊഴിച്ച്  അവള്‍  നില്‍ കുകയാവും,  എന്തോ പറയാന്‍ ബാക്കി വെച്ചത് പോലെ ,  അങ്ങിനെ...
അതിനെല്ലാംഇനി വിട..
തിരുച്ചുപോകാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ വല്ലാത്ത ഒരു ആധി...മനസ്സില്‍ പടര്‍ന്നു  ,എങ്കിലും   മനസ്സില്‍ നിറയെ സന്തോഷം..
പൂക്കള്‍ വിരിഞ്ഞു നില്‍കുന്ന മുറ്റത്തെ ചെടികളെ തഴുകി തലോടിവരുന്ന, നേരിയ   കാറ്റില്‍ സിറ്റ് ഔട്ടില്‍ നേരത്തെ പണിതുവെച്ച ഈസി ചെയറില്‍ ഇരുന്നുകൊണ്ട് കാലത്ത്
കട്ടന്‍ ചായയോടൊപ്പം പത്രം വായിക്കണം.   പാതയോരത്തൂടെ മുണ്ടും മടക്കിക്കുത്തി , വൈകുന്നേരത്തെ നടത്തം , ‍ നിലാവുള്ള രാത്രികളില്‍ അവളോടൊപ്പം ആ ബാല്‍കണിയില്‍ വെറുതെ   അങ്ങിനെ ഇരുന്നു...തനിക്കിഷ്ടപ്പെട്ട ഉമ്പായിയുടെ
ഇമ്പമേറിയ ഗസലുകള്‍ പതുക്കെ യങ്ങിനെ  കേട്ട് അവളെ ചേര്‍ത്തണച്ച്‌ അങ്ങിനെ ...  "നിലാവേ....കണ്ടുവോ രാഗവതിയാം എന്‍പ്രയേസിയെ...."        മനസ്സിലൂടെ ആഗ്രഹങ്ങളുടെ ഘോഷയാത്രകള്‍ തുടങ്ങിക്കഴിഞ്ഞിരന്നു......
തിരിച്ചു പോക്കിനുള്ള മെസ്സേജ് അയച്ചു കഴിഞ്ഞു.ഇന്റ്റെര്‍ കോമിലൂടെ ബോസ് വിളിച്ചു
അദേഹത്തിനു വിശ്വാസമായില്ല
," മിസ്റ്റര്‍ അബ്ദുന്നാസര്‍  ഇറ്റ്സ് സര്‍ പ്രൈസ്‌  "ആര്‍ യു സീരിയെസ്?
, വൈ ,വാട്ട്‌ ഹാ പ്പെ  ണ്ട്  
എല്ലാം ഒന്നിച്ചായിരുന്നു     ബോസ്‌ എന്നതിലുപരി നല്ല ഒരു സുഹൃത്തായിരുന്നു അദ്ദേഹം.
ക്യാബിനില്‍ നിന്നു ഇറങ്ങാന്‍ നേരം അദ്ദേഹം വീണ്ടും പറഞ്ഞു
ഒന്നുകൂടി ആലോചിക്കൂ.....തിരിച്ചു സീറ്റില്‍ വന്നിരുന്നു
സഹപ്രവര്‍ത്തകരെല്ലാം അറിഞ്ഞു , പലരും പറഞ്ഞു 'വേണ്ട കേട്ടോ, നല്ലോണം ആലോചിക്കൂ
ആദ്യത്തെ ആവേശത്തിന് തോന്നുന്നതാ....പിന്നെ എല്ലാം പതുക്കെ മടുക്കും ...
എങ്കിലും എന്‍റെ മനസ്സു അപ്പോഴും അകലെ യായിരുന്നു ,കുംഭമാസ ചൂടില്‍ കത്തിയെരിയുന്ന 
ഉഷ്ണ ക്കാറ്റി ന്‍റെ  ചൂളം വിളികളോ സൂര്യതാപത്തി ന്‍റെ വടുക്കള്‍ സൃഷ്ടിച്ച മേനികളോ ഒന്നും എന്നില്‍ നടുക്കമുളവാക്കിയില്ല.തുലാമഴയു
ടെ താരാട്ടും വൃക്ഷിക ക്കുളിരണിഞ്ഞ  പ്രഭാതത്തിലെ ഇളം തെന്നലിനോടൊപ്പം ഒഴുകിവരുന്ന നറുമണവും എന്നെ കാത്തിരിക്കുന്നുണ്ടാവും..എന്‍റെ  ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും, അറിഞ്ഞു എന്നെ കാത്ത്തിരിക്കുന്നവളുടെ അരികിലേക്ക് ഓടിയണയാനുള്ള തിടുക്കം , ‍
സുഹൃത്ത്‌  പ്രവീണി ന്‍റെ കൂടെ വ്യാഴംരാത്രി യുള്ള   പുറം തീറ്റയില്‍ എന്‍റെ തീരുമാനം...മനസ്സിലെ മോഹങ്ങള്‍,സ്വപ്‌നങ്ങള്‍  എല്ലാം പുറത്ത് കുടഞ്ഞിട്ടു  ..     നിങ്ങള്‍... ഇത്രപെട്ടന്നോ.... . ഇങ്ങിനെ ഒരു തീരുമാനം ... ഏതായാലും ഇപ്പഴു വേണ്ട.....
കഴിഞ്ഞ ഇരുപതു വര്‍ഷം വളരെ ചുരുങ്ങിയ ഇടവേളകളില്‍ മാത്രം നിങ്ങള്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുകാണും...ഇനിയിപ്പോള്‍ തിരിച്ചുപോയാല്‍ ആദ്യത്തെ ഒന്നുരണ്ടുമാസം ഉത്സവമായിരിക്കും, അതുകഴിഞ്ഞ് താനേ അതിന്‍റെ കൊടിയിറങ്ങും,അവളുടെ ദിനചര്യകളില്‍ കുട്ടികളുടെ ദിനചര്യകളില്‍ എല്ലാം നിങ്ങള്‍ കയറി ഇടപെടും , നിങ്ങള്‍ പതുക്കെ  ഭരിക്കാന്‍ തുടങ്ങും,
ഇതുവരെ തനിച്ചുഭരിച്ച നിങ്ങളുടെ കുടുംബത്തിനു കൂട്ടുകക്ഷിഭരണം അസഹഅനീയമായിരിക്കും, അത് അസ്വാരസ്യങ്ങള്‍ക്കിടയാക്കും, അവധിക്കാലത്തുള്ള ആ സ്നേഹ പ്രകടനങ്ങള്‍  വെറും പ്രകടനങ്ങള്‍ മാത്രമാ...ഒന്നോ രണ്ടോ മാസമല്ലേ എന്നുകരുതി നമ്മളെ അങ്ങിനെ  സഹിക്കുന്നതാ...
ഇവിടെത്തെ ഓഫിസില്‍  അജ്ഞാപിച്ചും ഭരിച്ചും ശീലിച്ച നമുക്ക് അത്ര പെട്ടന്ന് അവിടെ പൊരുത്ത പെട്ട് പോകാന്‍ പ്രയാസമായിരിക്കും.. ഇവിടെ വേഗതയോടെ നടക്കുന്ന കാര്യങ്ങള്‍  എല്ലാം, അവിടെ  മെല്ലെപ്പോക്കയിരിക്കും, ആല്ലെങ്കില്‍ നാട്ടില്‍ നോല്ലൊരു ജോലിവേണം, മുഴുവന്‍ സമയവും എന്തെങ്കിലും തിരക്കുകളില്‍  മുഴുകി കഴിയണം..
നിങ്ങളുടെ പുതിയ വീടി ന്‍റെ സിറ്റ് ഔട്ടില്‍ ഈസി ചെയറില്‍ വളഞ്ഞു കുത്തിയിരിക്കുമ്പോള്‍ കയറി വരുന്ന മക്കള്‍ ഈപുരാവസ്തു  ഇനിയും  അകത്തു വെച്ചൂടെ എന്ന് ചോദിക്കുന്ന കാലമാ... 
ഇവിടെ ഇങ്ങിനെ കഴിഞ്ഞു,...വല്ലപ്പോഴും ഒരു അഥിതിയായി ചെല്ലുമ്പോഴുള്ള സുഖം ഒന്ന് വേറെയാ,....
മറ്റാര്‍ക്കും കിട്ടാത്ത ഒന്നുണ്ട് പ്രവാസിക്ക്,  "ഓരോ അവധി ക്കാലവുംഓരോ  മധുവിധു രാവുകളാണ്''
എല്ലാം കേട്ടു  കനം തൂങ്ങുന്ന മൌനം പേറി അങ്ങിനെ ഞാന്‍  ‍ഇരുന്നു ,
പ്രവീണ്‍ പിന്നെയും,പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു........

1 comment:

sidhique parakkal said...

നല്ല സങ്കല്പങ്ങളോട് കൂടി പ്രവാസി പണിയുന്ന ബാല്‍ക്കണികള്‍ ഇന്ന് പലയിടങ്ങളിലും ബാല്‍ 'കെണി' ആയി മാറുന്നു.