Tuesday, March 1, 2011


അംബേദ്കര്‍ റോഡ് കടക്കുന്നതുവരെ തരുണ്‍ദാസ് അടുത്തിരിക്കുന്ന ഡോ.ദീപിക സംസാരിച്ചതത്രയും  ശ്രദ്ധിച്ചിരുന്നില്ല.  ഹോസ്പിറ്റലില്‍ നിന്നും അവളെ ലിഫ്റ്റ് ചെയ്തതിന് ശേഷം വന്ന ഫോണ്‍ കോള്‍ അറ്റന്റ് ചെയ്യാതിരുന്നതു തൊട്ടാണ് അവര്‍ക്കിടയിലുള്ള ഈ അശ്രദ്ധ രൂപപ്പെട്ടത്. അയാള്‍ തന്റെ ഫിയറ്റോ ഹോട്ടല്‍ മെരീഡിയനിന് മുന്നിലെ കോസ്‌മോസ് ചെടികളോട് തൊട്ടുരുമ്മി നിര്‍ത്തി. സൈഡ് ഗ്ലാസ്സ് താഴ്ത്തി പുറത്തേക്ക് വിശാലമായി നോക്കിയിരുന്നു.
എന്താണ് കാര്യമെന്ന് ദീപിക ചോദിച്ചില്ല. അവളുടെ നോട്ടത്തില്‍ തന്നെ അത് തുറിച്ചിരുന്നു.
കോസ്‌മോസ്  പൂക്കള്‍ വാടാന്‍ തുടങ്ങുന്നു. മഞ്ഞ ഡാഫോഡിലുകള്‍ക്ക് ഇപ്പോഴും അരുണിമയുടെ നിറം തന്നെ. ഇരുന്നുകൊണ്ടുതന്നെ അതിലൊന്ന് ഇറുത്തെയെടുത്ത് ദാസ് വണ്ടിയിലെ ഫ്‌ളെവര്‍ബെയ്‌സില്‍ വെച്ചു. വാച്ചുമാന്‍ വന്ന് അയാളെ അല്പനേരം നോക്കിനിന്നു.
- എനിക്ക് ആറുമണിക്ക് ഓപിയുണ്ട്. ദീപിക കൈയ്യിലിരുന്ന ബാഗ് സീറ്റില്‍ അമര്‍ത്തി വെച്ചു.
- ഇവിടെ വെച്ചാണ് ഞാന്‍ ആദ്യമായി അവരെ കണ്ടത്. ദാസ് അപ്പോഴും തലമുഴുവന്‍ വെളിയിലിട്ട് ഹോട്ടല്‍ മെരീഡിയന്റെ ആകാരസൗഷ്ടവം  ആസ്വദിക്കുകയായിരുന്നു. -അതുകൊണ്ടുതന്നെ ഈ ഹോട്ടലിനോട് വല്ലാതെ കോംപ്രമൈസ് തോന്നുന്നു.
- ആരെ കണ്ടതാണാവോ ?
- കെല്ലി ബ്രൂക്കിനെ.
ദീപിക പുറത്തേക്ക് നോക്കി.
- അവര്‍ ആദ്യമായി കേരളത്തില്‍  എത്തിയ അന്നുതന്നെ എനിക്കവരെ കാണാന്‍ കഴിഞ്ഞു. ജെയ്‌സണ്‍ സാര്‍ പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ അവര്‍ എത്തേണ്ട സാഹചര്യം ഒരിക്കലും ഇല്ല. എന്നിട്ടും അവര്‍ എത്തി.  എന്നോട് സംസാരിച്ചു. ദാ ഇവിടെ വെച്ച് എല്ലാവര്‍ക്ക് മുമ്പിലും തീര്‍ത്തും അപരിചിതയായി അവരുടെ ക്ലോത്തിംഗ് റെയ്ഞ്ചിനെ കുറിച്ചും തീയേട്രിക്കല്‍ വര്‍ക്ക്‌സിനെ കുറിച്ചും മറ്റും ഒരു പാട് സംസാരിച്ചു. നീ കണ്ടതല്ലേ അതിന്റെ കവറപ്പ്. അവരുടെ ചുരുണ്ടു ചെമന്ന മുടിയിഴകള്‍ എപ്പോഴും കണ്ണുകളിലേക്ക് ഊര്‍ന്നുവീണുകൊണ്ടിരുന്നു. അവരുടെ വിരലുകള്‍ക്കിടയില്‍ കിടന്ന് ഈ പൂക്കളൊക്കെ സഫലമാകുകയായിരുന്നു.
ഒരു സ്ത്രീയെപറ്റി, അവര്‍ ആരുമാകട്ടെ, സ്വന്തം ഭാര്യയോട് ഇത്തരത്തില്‍ സംസാരിക്കുന്ന ഭര്‍ത്താവിനെ കുറിച്ച് ദീപിക നേരത്തെ തന്നെ ചിന്തിച്ചുകൂട്ടിയ വിഷയങ്ങളില്‍ ഒന്ന്. അങ്ങനെ വന്നാല്‍ തനിക്കതില്‍ ഉത്കണ്ഠയോ അസഹിഷ്ണുതയോ തോന്നേണ്ട കാര്യമില്ലെന്ന പ്രാപ്തി കൈവരിച്ചിരുന്നുവെങ്കിലും എവിടെ ആ തിരിച്ചറിവ്.
കെല്ലി ബ്രൂക്കിനോട് ദാസിന് കടുത്ത പ്രണയമാണ്. അവരുടെ ചുരുണ്ടുചെമന്ന മുടി, വിടര്‍ന്ന ചിരി, നീണ്ട മൂക്ക്, വെള്ളാരങ്കണ്ണ്... ഏറ്റവും അഭികാമ്യമായ രാത്രികളിലൊക്കെ ലാപ്‌ടോപ്പിന് മുന്നില്‍ അവളുടെ ട്വിറ്ററില്‍ കയറി കണ്ടമാനം കുത്തിക്കുറിക്കുന്നത് കാണാം. അവസാനം ബാത്ത്ടബ്ബില്‍  കിടന്ന് പുലരുവോളം പതപതഞ്ഞുള്ള കുളി.
ഡോ. സാമുവല്‍ പറയാറുണ്ട് ഭാര്യക്ക് മുമ്പില്‍ വേഷം കെട്ടുന്നവരൊക്കെ യഥാര്‍ത്ഥത്തില്‍ ഭീരുക്കളാണെന്ന്. 
ഹോട്ടല്‍ മെരീഡിയന്‍ പിന്നെയും നോക്കിയപ്പോള്‍ തകര്‍ന്ന ഒരു കൊട്ടാരമായി ദാസിന് തോന്നി. അടുത്തടുത്തുള്ള കെട്ടിടസമുച്ചയങ്ങളൊക്കെ നിലംപൊത്താറായ അത്തരം തൂണുകളായി  അയാള്‍ സങ്കല്‍പ്പിച്ചു. മേല്‍ക്കൂര നഷ്ടപ്പെട്ട നടുത്തളങ്ങളിലൂടെ റിമോട്ട് കണ്‍ട്രോളിലോടുന്ന വണ്ടികളിലിരുന്ന് ദാസ് സ്റ്റിയറിംഗില്‍ രണ്ട് കൈയുമിടിച്ച് ചിരിച്ചു.  ശവം കഴുകിയ മണമാണ് ചിലപ്പോള്‍ മനുഷ്യനെന്ന ദീപികയുടെ പിറുപിറുക്കലിന് മുന്നില്‍ ആ ചിരി റെഡ്‌സിഗ്നലിട്ടു.
അവള്‍ കാറില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടന്ന് ജവാന്‍ കോംപ്ലക്‌സിലെ  ഒന്നാം നിലയിലെ തന്റെ ക്ലിനിക്കില്‍  വ്യാപൃതയായി.  ഇനി ചെയ്യാനുള്ളതെന്തെന്ന് ആലോചിച്ച് ദാസ് നിബിഡമായ സ്റ്റേഡിയത്തിലേക്ക് വണ്ടി തിരിച്ചു.
ഫ്‌ളാറ്റില്‍ നിന്ന് ലിഫ്റ്റിന്റെ ആറാം നമ്പര്‍ സ്വിച്ചമര്‍ത്തി കാത്തുനില്‍ക്കുമ്പോള്‍ അയല്‍ക്കാരി രുചിക ഓടിവന്നു.
അവള്‍ രുചിക്കൊപ്പം പോയി. തിരിച്ചു വന്നത് ഏറെ വൈകി. കൈയില്‍ രുചികയുടെ ഏറ്റവും പ്രിയപ്പെട്ട വിനോദമായ ഉണ്ടാക്കുക ഊട്ടുക പരിപാടിയില്‍ നിന്നും പാര്‍സലായി ലഭിച്ച റൊമാലിറൂട്ടി.
 കിടക്കാന്‍ നേരം അവര്‍ പരസ്പരം മൊബൈലുകള്‍ കൈമാറി. ഡിലീറ്റു ചെയ്യാന്‍ മറന്നുപോയ മെസേജുകള്‍, കോള്‍റിക്കാഡ്‌സ്, സെന്റ് ഐറ്റംസ്... കുത്തിക്കുത്തി നോക്കി. സിസ്‌ററത്തിലിട്ട് റിക്കവറി ചെയ്താല്‍ അറിയാം പലരുടെയും മുഖംമൂടി. ആരും അത്ര കേമനോ കേമത്തിയോ ആകേണ്ട ആളല്ലെന്നും തമ്മില്‍ വെല്ലുവിളിക്കാത്ത ഉറക്കം അവര്‍ക്ക് അനുഗ്രഹീതമായിരുന്നില്ല.
-അതിനാണോ സബ് എഡിറ്ററ് ഉറക്കമിളയ്ക്കുന്നത്?
-നിന്നോടൊന്നും ദായം കളിക്കാന്‍ തല്‍ക്കാലം സമയമില്ല. നാളത്തേക്കുള്ള സ്റ്റോറി കണ്ടിന്യുറ്റി ചെയ്യണം.
-ഏത് ആ സ്കൂള്‍ കുട്ടികളുടേയോ ?
-ഉം.
ദീപിക ചിരിച്ചു. ചിരിയിലത്രയും പുച്ഛം.
-ചിരിക്കേണ്ട, ആ കാലത്തൊന്നും മൊബൈല്‍ ഇല്ലാതിരുന്നല്ലേയുള്ളൂ...
-അതിനര്‍ത്ഥം
-ഉദ്ദേശിക്കുന്ന അര്‍ത്ഥം തന്നെ. ഞങ്ങളൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു പത്താംക്ലാസ്സുകാരി പ്രസവിച്ചിരുന്നു.
-അതെ, അതാണ് തെളിയുന്നത്. ആണുങ്ങളൊക്കെ ഫ്യൂഡല്‍ സെക്‌സിറ്റുകളാണ്.
-ട്യൂഷന്‍ ക്ലാസ്സെന്ന് പറഞ്ഞ് കുട്ടികള്‍ രാവിലെ തന്നെ സ്കൂളിലെത്തുന്നത് ഒരു കുറ്റമല്ല. പാര്‍ലറിലോ ബീച്ചിലോ ചെന്ന് ഒഴിഞ്ഞ ഇടം നോക്കി ഭോഗവിനോദങ്ങള്‍ ചെയ്യുന്നതും കുറ്റമല്ല. മൂന്നാമതൊരാള്‍ അറിയാത്തിടത്തോളം ഒന്നും ഒരു കുറ്റമല്ല. അല്ലേ ?
ദാസിനെതിരെ കൊതുകുവല വലിച്ചിട്ട് ദീപിക തിരിഞ്ഞു കിടന്നു.
-വിസര്‍ജ്ജിക്കാന്‍ കഴിയാത്ത മലമാണ് മനുഷ്യന്റെ ഹിപ്പോക്രസി
ദാസ് തന്റെ ലാപ്‌ടോപ്പ് നിവര്‍ത്തി ബ്രോഡ്ബാന്‍ഡ് ഓണ്‍ ചെയ്തു. യൂട്യൂബെടുത്ത് കേരള സ്കൂള്‍  സ്കാന്റില്‍ സെര്‍ച്ച് ചെയ്തു. ബ്ലാക്ക്‌ബോഡില്‍ വെളുത്ത മിന്നാമിന്നികള്‍ വട്ടം ചുറ്റിനിന്നു. ക്ലാസ്സ്മുറിയില്‍ ഒരു വിദ്യാര്‍ത്ഥി അവന്‍ ആദ്യമേ കൊണ്ടുവെച്ച മൊബൈല്‍ ക്യാമറാ വ്യൂവില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കൊണ്ടുവന്ന് അവളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ രംഗങ്ങള്‍ തെളിഞ്ഞു വന്നു.
ഇതാണ് കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി സെക്കന്റ് ലീഡായി അയാളുടെ പത്രത്തില്‍  തരുണ്‍ദാസെന്ന ബൈലൈനില്‍ വന്നുകൊണ്ടിരുന്ന സബ്‌ജെക്ട്.  പലപ്പോഴായി ഷൂട്ട് ചെയ്തുവെച്ച സീനുകള്‍ എഡിറ്റുചെയ്യാനായി വിശ്വസ്തനെന്ന് വിചാരിച്ച മറ്റൊരു വിദ്യാര്‍ത്ഥിയെ ഏല്‍പ്പിച്ചതും അതവനിട്ട് കഫേയില്‍ കൊണ്ടുപോയി അതിരുകളില്ലാത്ത വിതരണ സാധ്യതകള്‍ക്ക് കൈമാറിയതും അനുബന്ധങ്ങള്‍.
ദീപിക ഉറങ്ങി. അവളെ വിളിച്ചുണര്‍ത്തി തന്‍െറ ഭാര്യ വ്യഭിചരിച്ചുവെന്ന് ഒരാള്‍ അറിയുന്നത് ഏറ്റവും അവസാനമായിരിക്കുമെന്ന്  പറയണമെന്ന് ദാസിന് തോന്നി.
വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രകടനം നടത്തുന്നു. കഫേകള്‍ കത്തിക്കുന്നു. ബസ്സിന് കല്ലെറിയുന്നു. വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. എന്തെങ്കിലും സ്‌നാപ്പ് കിട്ടുമെങ്കില്‍ കിടന്നോട്ടെയെന്നു കരുതി പറഞ്ഞയച്ച രജീന്ദ്രന്‍ ഓടിക്കൊണ്ട് തിരിച്ചു വന്നു പറഞ്ഞു. സാറേ, ഇത് സാഹസിക പത്രപ്രവര്‍ത്തനത്തില്‍പ്പെടുത്താന്‍ പറ്റില്ലെന്ന്.
കോളം സ്‌പെയ്‌സ് കാത്തുനില്‍ക്കുകയാണെന്ന് അറിയിച്ച് ഓഫീസില്‍ നിന്നും രാജാമണി ഫോണ്‍ ചെയ്തു. ഇപ്പൊ അയച്ചുതരാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. നിങ്ങളും സൂക്ഷിക്കുക, ചുമരുകള്‍ക്കിനി കണ്ണും കാതുമെന്ന തലക്കെട്ടില്‍ നാലുകോളം പതിനഞ്ചുസൈസില്‍ ഒരു സ്കാന്റില്‍ഡ് വിത്തും അയച്ചുകൊടുത്തു.
ദീപികയുടെ ഉറങ്ങുന്ന കണ്ണുകളിലേക്ക് നോക്കി ദാസ് ലൈറ്റണച്ചു. ബ്ലാക്ക് ബോര്‍ഡില്‍ ആരോ ഇരുട്ട് വരച്ചിട്ടു.
ഉറക്കത്തില്‍ ദാസിന് തന്റെ കഴുത്തിലെയും കൈയിലെയും ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നതായി തോന്നി.  കൈകള്‍ക്ക് തീരെ ശക്തിയില്ലാതെ ഉയര്‍ത്താനാവാതെ എവിടെയോ ഒരു കുരുക്ക് മുറുകുന്നതായും രക്തം പൊട്ടിയൊഴുകുന്ന വൃക്ഷം കടപുഴകി നെഞ്ചത്തേക്ക് പതിക്കുന്നതായും ദാസിന് തോന്നി.
രാവിലെ തന്നെ ഓഫീസില്‍ നിന്നും രാജാമണിയുടെ ഫോണ്‍ വന്നു. പിറ്റേന്നുള്ള പരിപാടികളെ ക്രമീകരിച്ച് ഏത്രനേരം ഉറങ്ങാന്‍ പറ്റുമോ അത്രയും ആസൂത്രിതമാക്കി ഉറങ്ങാന്‍ കിടന്നാലും പലപ്പോഴും നടക്കാറില്ല. എങ്കിലും സമയം ലേശം കൂടി ബാക്കികിടപ്പുണ്ടെന്ന ധാരണയില്‍ കിടക്കയില്‍ തന്നെ ചമ്രംപടിഞ്ഞിരുന്ന് കണ്ണുകള്‍ തുറക്കാതെ ദാസ് ആരാഞ്ഞു.
സാറ് അറിഞ്ഞോ ?
എന്താകാര്യം ?
സാറേ ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.
ഏതുപെണ്‍കുട്ടി.
ഉറക്കം സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. ദിനംപ്രതി ഭൂമിയില്‍ നമ്മള്‍ കുഴികുഴിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ആഴങ്ങളിലേക്ക് കയര്‍പൊട്ടിയ ഒരു തൊട്ടി നിലംപതിക്കുമ്പോള്‍ ഉണരുന്നു.
പ്രതീക്ഷിച്ചതുപോലൊരു ഞെട്ടല്‍ ഉണ്ടായില്ലെന്ന് രാജാമണിക്കും തോന്നിക്കാണും. മിണ്ടാതിരുന്നിട്ടും അയാള്‍ ഫോണ്‍ വെച്ചില്ല.
കൂടെയൊരു പയ്യനുമുണ്ട്
അതാര് ? അവന്‍ റിമാന്റിലല്ലേ... ?
അവനല്ല; വേറൊരുത്തന്‍
ജനിക്കുമ്പോള്‍, വളരുമ്പോള്‍, പഠിക്കുമ്പോളൊന്നും മനുഷ്യന്‍ ആരുമല്ലെന്ന് ദാസിന് തോന്നി. മരണമാണ് ഏറ്റവും വലിയ കഥ. അല്ലെങ്കില്‍ ഒരു നുണക്കഥ
സാറ് വൈകുമോ ?
വൈകിയില്ല. കാറിലല്ലാതെ ഹോസ്പിറ്റലിലേക്ക് പോകുന്ന പ്രശ്‌നമില്ലെന്ന ദീപികയുടെ സ്ഥിരം നിലപാട് എന്തുകൊണ്ടോ ഇത്തവണ കണ്ടില്ല. അങ്ങനെ നേരത്തെ തന്നെ എത്തി. എത്തിയപ്പോഴേക്കും ഓഫീസിന് മുന്നില്‍ പോലീസ് കൂട്ടംകൂടി നില്‍ക്കുന്നു. അവര്‍ക്കിടയിലൂടെ കാറ് പോര്‍ച്ചിലേക്ക് ഒതുക്കിനിര്‍ത്തുമ്പോള്‍ ഒരു പോലീസുകാരന്‍ അടുത്തു വന്നു ചോദിച്ചു.
വണ്ടി പുതിയതാണോ ?
ഉള്ളിലെ നൂറുകൂട്ടം ചോദ്യങ്ങള്‍ക്കിടയില്‍ അത് മുങ്ങിപ്പോയി. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ചില്ലറ പങ്കുണ്ടെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുണ്ടെന്നും അതില്‍ പ്രതിഷേധിച്ച് അവരുടെ പ്രകടനം എല്ലാ മാധ്യമ ഓഫീസുകളിലേക്ക് നടത്തുന്നുണ്ടെന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണച്ചുമതല ഏറ്റെടുത്തിരിക്കുകയാണെന്ന് വന്നൊരു പോലീസുകാരന്‍ അറിയിച്ചു.
സംഭവം പുറത്തുവന്നതിന് ശേഷം ഉറക്കമൊളിച്ചും കൗണ്‍സിലിംഗ് നടത്തിയും എങ്ങനെയെല്ലാം കുട്ടിയെ സംരക്ഷിക്കാമോ അക്കാര്യത്തില്‍ രക്ഷിതാക്കളുടെ പ്രയത്‌നം വിഫലമായി. മരണം പലതിനും അടിവരയിടുകയും ചെയ്തു കഴിഞ്ഞു. രാവിലെ തന്നെ ഭീകരദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് വന്ന് രജീന്ദ്രന്‍  ചിപ്പ് കാര്‍ഡ്‌ഡ്രൈവിലിട്ട് ചിത്രപ്രദര്‍ശനം നടത്തുകയായിരുന്നു. എല്ലാവരുടെയും മുഖത്ത് യാഥാര്‍ത്ഥ്യബോധത്തോടെ മൗനം തളംകെട്ടി കിടന്നു.
എന്നിട്ടും സംശയം ബാക്കി. കൂടെ മരിച്ച പയ്യന്‍....
അതിലിനി കാര്യമില്ല. കുത്തിയിരുന്ന് എഴുതിയതൊക്കെ പാഴായി. സംഗതി ചാനലുകാരും സായാഹ്നപത്രങ്ങളും ഏറ്റെടുത്തു.
എഡിറ്റര്‍ കണ്ണടയൂരി ചില്ല് തുടച്ചു.
പ്രകടമുണ്ട്.... വിദ്യാര്‍ത്ഥികളാ... പൊതുമരാമത്ത് വകുപ്പ് അവരുടെ കൈകളിലാണല്ലോ....
മെഡിക്കല്‍ കലോത്സവത്തിനെ കുറിച്ച് നല്ല കവറപ്പ് ചെയ്യാന്‍ പദ്ധതിയിട്ട കാര്യം സര്‍ക്കുലേഷന്‍ മാനേജര്‍  പീതാംബരന്‍ സാറ് വിളിച്ചോര്‍മ്മിപ്പിച്ചപ്പോള്‍ പ്രത്യേകസ്ഥിതിവിശേഷം  പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും താന്‍ ഇടപെട്ടില്ലെങ്കില്‍  സംഭവിച്ചേക്കാവുന്ന പാകപ്പിഴയെകുറിച്ചും ദുരന്തത്തെക്കുറിച്ചും അദ്ദേഹം ഊന്നിക്കൊണ്ടിരുന്നു.
ഓര്‍ത്ത് ദാസിന് ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിനി കയ്യില്‍ സ്റ്റെതസ്‌കോപ്പുമായി വന്ന് സ്റ്റേജില്‍ മോഹിനിയാട്ടം കളിക്കുന്നു. അവളുടെ തെറ്റിയ മയൂര മുദ്രകള്‍ കണ്ട് രോഗികള്‍ ഓടിയൊളിക്കുന്നു.
പുറത്ത് വിദ്യാര്‍ത്ഥികളുടെ പ്രകടനമെത്തി. പോലീസ് ബാരിക്കേഡ് കെട്ടി തടയാന്‍ ശ്രമിക്കുന്നു.  കടന്നലിരമ്പം പോലെ വിദ്യാര്‍ത്ഥികള്‍ അത് തകര്‍ത്ത് മുന്നേറി. അവരെ ശാന്തരാക്കാന്‍ കൂട്ടത്തില്‍ നിന്ന് തന്നെ ചിലരുടെ തലപൊങ്ങി. പോലീസിന്റെ നിഷ്ക്രിയത്വം നാളെ പത്രത്തില്‍ അച്ചടിച്ചുവരാതിരിക്കാന്‍ അവരും ആവതും കാട്ടിക്കൂട്ടുന്നുണ്ട്.  പെണ്‍കുട്ടികളടക്കം പത്തിരുന്നൂറ് പിള്ളേര് പ്രസ്സിന് മുന്നില്‍ കുത്തിയിരുന്നു.  കൂട്ടത്തില്‍ നിന്ന് മാറിനിന്ന് ഒരു പയ്യന്‍ രംഗങ്ങളെല്ലാം തന്റെ സെല്‍ഫോണില്‍ പകര്‍ത്തുന്നത് ഉള്ളില്‍ നിന്നു കൊണ്ട് ഗ്ലാസ്സിലൂടെ ദാസ് കണ്ടു. ഉടന്‍ രജീന്ദ്രനെ വിളിച്ച് കാര്യമേല്‍പ്പിച്ചു. കുട്ടിനേതാക്കന്മാര്‍ മാറിമാറി നിന്ന് പ്രസംഗിച്ചു.  ഒരുവന്‍ എങ്ങനെയോ ഡെസ്കിലേക്ക് നുഴഞ്ഞു കയറി. അവന്റെ ഷര്‍ട്ടിന്റെ ബട്ടണകള്‍ പൊട്ടിയിരുന്നെങ്കിലും എങ്ങനെയ്യെല്ലാമോ വാരിക്കൂട്ടിയായിരുന്നു കടന്നുകയറ്റം. അവന്റെ മുഖത്ത് മാന്യമായ ഒരു ചിരിനിന്ന് സങ്കടപ്പെടുന്നുണ്ടായിരുന്നു. അവന്‍ ദാസിന് നേരെ തിരിഞ്ഞ് ഒരു കാര്യപറയാനുണ്ടെന്ന് ആംഗ്യം കാണിച്ചു. അവന്റെ ഇംഗിതത്തിന് നിന്ന് അവന്‍ കണ്ടുപിടിച്ച സ്വകാര്യസ്ഥലത്തുവെച്ച് ആശയം കൈമാറി.
ഉപരോധം ശാന്തമാണ് ഒരു ഫോട്ടോയെടുത്തിരുന്നെങ്കില്‍....
ഹോസ്പിറ്റലില്‍ ഒരു കിളവന്‍ തന്റെ സെല്‍ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് എല്ലാവര്‍ക്കും എന്തുമാത്രം ന്യൂയിസന്‍സ് സൃഷ്ടിച്ചുവെന്ന് ഡോ.ദീപിക പറഞ്ഞു തുടങ്ങി. കാര്യമൊക്കെ ശരിയായിരിക്കാം. അയാള്‍ക്ക് കേള്‍വിക്കുറവ് കാണും. പക്ഷേ, ഫോണിലൂടെ ഉച്ചത്തിലുള്ള സംസാരം കേള്‍ക്കുമ്പോള്‍... അതുമതി  പ്രത്യേകിച്ച് തലവേദന വരാന്‍... അവിടെകൂടിയവരുടെ മുഖത്ത് കാണാം ആ സമയത്ത് ആയാളോട് തോന്നിയ വെറുപ്പ്.
എന്താണയാള്‍ സംസാരിച്ചതെന്ന് പറഞ്ഞില്ല.
എന്ത് മണ്ണാങ്കട്ടയാണോ
ഫോണ്‍ സംസാരിക്കാനുള്ളതാല്ലാതാകുന്നു അല്ലേ
ആ ഇതു പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നത്, ഹോസ്പിറ്റലില്‍ ഇന്ന്  വലിയൊരു തമാശ നടന്നു.  ഇന്നലെ റുമാറ്റിക്ക് ഫീവര്‍ ബാധിച്ച് ഒരു പയ്യന്‍ വന്നിരുന്നു.  അവനെ ഞാന്‍ അഡ്മിറ്റ് ചെയ്തു. രാവിലെ റൗണ്ട്‌സിന് ചെന്നപ്പോഴാ അവന്റെ യഥാര്‍ത്ഥ സൂക്കേട് പിടികിട്ടിയത്. പുള്ളിക്കാരന്‍ ഒരു വീക്ക്‌ലി നിവര്‍ത്തിപ്പിടിച്ച് അത് വായിക്കുകയാണെന്ന ഭാവേന കയ്യില്‍ പിടിച്ച സെല്ലില്‍ മറ്റുള്ളവരെ പകര്‍ത്തുകയാ.
തലതിരിച്ചുപിടിച്ച് വീക്ക്‌ലി വായിക്കുന്നത് കൊള്ളാലോന്ന് സിസ്റ്റര്‍ പറഞ്ഞപ്പോഴാ ഞാനും ശ്രദ്ധിച്ചത്. അറ്റന്റര്‍ വന്ന് സെല്ല് പിടിച്ചുവാങ്ങി പരിശോധിച്ചു. നോക്കുമ്പോഴേക്കേ വീഡിയോ ഗ്യാലറിയില്‍ നിറയെ ഇത്തരം സ്വീക്കല്‍സുകള്‍. കൂട്ടത്തില്‍ എന്റെയും. എന്റെ മുഖം, ഇടുക്ക്, പുറം...
അറ്റന്റര്‍ ചിപ്പ് വലിച്ചൂരി സെല്ല് എറിഞ്ഞുടച്ചു. അവന് ഒരു കൂസലുമില്ല. ചിരിച്ചോണ്ടിരിക്കുവാ. പിന്നെ രോഗിയായിതുകൊണ്ട് ആരും കൈ വെച്ചില്ല. അവന്റെ ഭാഗ്യം.
എന്തായാലും പയ്യന്‍ മിടുക്കനാ... പറയാതെ വയ്യല്ലോ...അതിലെന്നെ കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു കേട്ടോ...
ഇരുട്ടിന്റെ കണ്‍മുമ്പിലൂടെ ഒരു വവ്വാല്‍ ചിറകിട്ടടിച്ചുപോയി. ദാസ് ഉടന്‍ തന്നെ തന്റെ ലാപ്‌ടോപ്പ് നിവര്‍ത്തി. യൂട്യൂബ് എടുത്ത്  ചുറ്റും നോക്കി. പരിചിതമായ പേര് ടൈപ്പ് ചെയ്ത് സെര്‍ച്ചിങ്ങ് തുടങ്ങി
മെഡിക്കല്‍ കലോത്സവത്തിന് ഉറപ്പായും അറ്റന്റ് ചെയ്യണമെന്ന് പീതാംബരന്‍ സാറ് വിളിച്ച് വീണ്ടുമോര്‍പ്പിച്ചു.
കലോത്സവത്തിന്റെ തിരശീല ഉയര്‍ന്നു.
മാലാഖയെപ്പോലെ അവള്‍ വേദിയിലേക്ക് ഒഴുകിയെത്തി. കഴുത്തില്‍ തൂക്കിയ സ്റ്റെതസ്‌കോപ്പെടുത്ത് അവള്‍ ശൂന്യതയുടെ ഹൃദയമിടിപ്പുകള്‍ അരാളമുദ്രകളോടെ ഒപ്പിയെടുക്കുന്നു.
നിലാവുവസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞു വീഴുമ്പോള്‍ വവ്വാലുകള്‍ കൂട്ടത്തോടെ തിരിച്ചെത്തുന്ന ശബ്ദമുയര്‍ന്നു.
ഇരുട്ടിന്റെ ഞെരമ്പുകള്‍ വലിഞ്ഞു മുറുകി.
ദാസ് വീണ്ടുമോര്‍ത്തു
ആരായിരിക്കും !!

2 comments:

vayal said...

അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക സദാചാര ബോധം ഒളികാമെരകളിലൂടെ പുത്തന്‍ യുവത്വം ആഘോഷിച്ചു കൊണ്ടിരിക്കയാണ് ....പ്രമോദ് കൂവേരിക്ക് അഭിനന്ദനങ്ങള്‍ .....

Unknown said...

നല്ല കഥയ്ക്ക് ആശംസകൾ