Sunday, March 13, 2011




രണ്ടുണങ്ങിയ മനസ്സുമായാണ് ഞാന്‍ ആശുപത്രി പടിക്കലെത്തിയത്. തലയ്ക്ക് വല്ലാത്ത പെരുപെരുപ്പ്. ഉറക്കം തീരെയില്ല. ചിലപ്പോള്‍ മസ്തിഷ്കത്തിനു തീപിടിച്ചതുപോലെയൊരവസ്ഥ. ഇങ്ങനെയായിരിക്കും ചിലപ്പോള്‍ ഭ്രാന്തിന്റെ തുടക്കം.
മനുഷ്യനെ നോക്കാനാണ് ഏറ്റവും വലിയ ഭയം.
ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു മുഖത്തിന് എത്ര പെട്ടെന്നാണ് കൊമ്പും തേറ്റയും മുളക്കുന്നത്! ചങ്ങാത്തത്തിനു നീട്ടിയ കൈകളില്‍ ചോരപുരണ്ട കത്തിവന്ന് നിറയുന്നത്!
ഒന്നുരണ്ടുപേരോടൊക്കെ പറഞ്ഞു. എന്റെ ഈ അവസ്ഥയെക്കുറിച്ച് കേട്ടവരൊക്കെ പറഞ്ഞത് ഒരേ കാര്യവും. എല്ലാം ഒരു തോന്നലാണ്. നന്നായി ഉറങ്ങൂ. മനസ്സിന് അല്പം വിശ്രമം കൊടുക്കൂ.
ഒളിഞ്ഞുനിന്ന് അവര്‍ കുശുകുശുക്കുന്നതാണ് ഒട്ടും സഹിക്കാത്തത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന്റെ വിഭ്രാന്തിയാ......
ഇപ്പോള്‍ പൊതുവേദിയിലൊന്നും പ്രത്യക്ഷപ്പെടാറില്ല. ആരും വിളിക്കാറില്ല. പേടിച്ചിട്ടുതന്നെ.
ആരെ പേടിച്ചിട്ട്.
ഹ...ഹ...ഹ....
ആ കൂട്ടച്ചിരിയില്‍ അവര്‍ ഉത്തരങ്ങള്‍ ഒളിപ്പിക്കുന്നതു കാണുമ്പോള്‍....
ഡോക്ടര്‍. എന്റെ മനസ്സൊന്ന് ശാന്തമാക്കിത്തരണം. അസുഖം മനസ്സിലായല്ലോ. വിശ്വാസത്തകര്‍ച്ച. മൂല്യച്യുതി...
ഡോക്ടര്‍ വരാന്‍ വൈകും. നിങ്ങള്‍ ഒന്നു നടന്നുവരൂ. ഒരു ചായയൊക്കെ കുടിച്ച്.... നേഴ്‌സിന്റെ വെളുത്തചിരി എനിക്കിഷ്ടമാണ്. പക്ഷേ എപ്പോഴാണതിന് രൂപപരിണാമം സംഭവിക്കുക.
എന്നെ പീഡിപ്പിക്കുന്നേ എന്ന് നിലവിളിച്ച് വസ്ത്രങ്ങള്‍ സ്വയം വലിച്ചൂരിയെറിഞ്ഞ്.... ആര്‍ത്തലച്ച്.....
ആശുപത്രിയുടെ ഇടനാഴിക്ക് പഴയ മരുന്നിന്റെ മണമില്ല. ടൈലുവെച്ച് മിനുക്കിയ നിലവും ചുമരും. വഴുതിവീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതി.
സത്യത്തില്‍ എന്റെ നടത്തത്തിന് എന്തോ പന്തികേടുണ്ട്. ഇടതുകാല്‍ മുന്നോട്ടു വയ്ക്കുമ്പോള്‍ വലതുകൈയാണ് പിന്നോട്ട് പോകേണ്ടത്. വലതുകാല്‍ വെക്കുമ്പോള്‍ ഇടതുകൈയും. ഇത് ഓര്‍മ്മിക്കാന്‍ തുടങ്ങുന്ന നിമിഷം ബാലന്‍സ് തെറ്റും. ഒന്നുകില്‍ വലതുകാലിന്റെ കൂടെ വലതുകൈ അല്ലെങ്കില്‍ രണ്ടു കൈകളും ഒന്നിച്ച് മുന്നോട്ട്.... പിറകോട്ട്.
തികച്ചും സാധാരണം തന്നെയായിരിക്കണം എന്റെ നടത്തം. എന്തോ പന്തികേടുണ്ടെന്ന് തോന്നിത്തുടങ്ങുന്നിടത്താണ് എനിക്ക് തെറ്റുന്നത്.
ആശുപത്രിയുടെ മിനുസമുള്ള ഇടനാഴിയിലൂടെ വഴുതി നടക്കാന്‍ ഒരു സുഖം. അങ്ങേതലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടയാള്‍ സഡന്‍ ബ്രേക്കിട്ട് പെട്ടെന്ന് വെട്ടിച്ച് ഇടതുവശത്തേക്ക് പോയിക്കളഞ്ഞു. ദൂരെനിന്ന് "ഹായ്' എന്ന് അഭിസംബോധന ചെയ്യാന്‍ അയാള്‍ മറന്നില്ല.
എനിക്കു മനസ്സിലാവും സുഹൃത്തേ നിങ്ങളുടെ വൈക്ലബ്യം. എന്നോടൊന്ന് ചിരിച്ചാല്‍ അല്പനേരം വര്‍ത്തമാനം പറഞ്ഞാല്‍ ഒരുപാട് പേരോട് നിങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. വിരുദ്ധരുടെ പട്ടികയില്‍ പേരുവരാന്‍ അധികനേരമൊന്നും വേണ്ട.
ആരോടെങ്കിലും സംസാരിക്കണം. സംസാരിക്കുന്നത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. പക്ഷെ ആരും നില്ക്കുന്നില്ല. പരമാവധി ഒഴിഞ്ഞുമാറുന്നു. മുന്നില്‍ വന്നുപെട്ടവര്‍ തന്നെ ധൃതിയില്‍ ഒരു സുഖാന്വേഷണം നടത്തി അല്പം തിരക്കുണ്ടെന്നു പറഞ്ഞ് കടന്നുപോകുമ്പോള്‍..... ഉള്ളില്‍ ചിരിപൊടിയുന്നുണ്ട്. ഒപ്പം മനസ്സ് കരയുന്നുമുണ്ട്... മണിക്കൂറുകളോളം... ചങ്ങാതീ നിങ്ങളും ഞാനും അധിനിവേശത്തെക്കുറിച്ച് ഫാസിസത്തെക്കുറിച്ച് നവകവിതയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ അവസാനത്തെ ബസ്സിന് പിരിഞ്ഞിട്ടുണ്ട്.
നോക്കൂ... നമുക്ക് രാഷ്ട്രീയമൊന്നും പറയണ്ട.
മൈസൂര്‍ റോഡ് വഴിയുള്ള രാത്രിഗതാഗതം നിര്‍ത്തിവെച്ചതിനെക്കുറിച്ച് ബിവറേജസ് കോര്‍പ്പറേഷന്റെ ഷോപ്പുകള്‍ക്കു മുന്നില്‍ വര്‍ധിച്ചുവരുന്ന തിരക്കിനെക്കുറിച്ച് ഭരണകൂടം ഒരു ജനതയെ ലഹരിയിലാഴ്ത്തുന്ന മധുരമനോഹരമായ കാഴ്ചയെപ്പറ്റി....
വേണ്ട. എന്തുപറഞ്ഞാലും എത്തിച്ചേരുന്നത് അവിടെത്തന്നെ. രാഷ്ട്രീയമില്ലാതെന്തു ജീവിതം?
മുന്നില്‍ തെളിഞ്ഞുനില്ക്കുന്നത് "മോര്‍ച്ചറി' എന്നെഴുതിയ കറുത്ത ബോര്‍ഡാണ്. കാണാന്‍  ഒരിക്കലും ഇഷ്ടപ്പെടാത്തതാണ് ആശുപത്രിയിലെ ഇവിടം. ഇപ്പോള്‍ വികൃതമായൊരു മണം പൊതിയാന്‍ തുടങ്ങുന്നു എന്ന തോന്നലാണുണ്ടാവുന്നത്. ഈയൊരു തോന്നല്‍ ഇനിയെന്തൊക്കെ ഉണ്ടാക്കുമോ ആവോ... നല്ല വെളിച്ചത്തിലാണ് മോര്‍ച്ചറി. അകത്തേക്ക് പാതി തുറന്നിട്ടിട്ടുണ്ട് വാതില്‍. അവിടെയുമിവിടെയുമൊക്കെയായി കൊച്ചുകൊച്ചു ആള്‍ക്കൂട്ടങ്ങള്‍. ചിലര്‍ അകത്തേക്കു ചെന്ന് കണ്ണും നെറ്റിയും പുരികവും ചുളിച്ച് അരുതാത്തതെന്തോ ഉണ്ടെന്ന മട്ടില്‍ വിങ്ങിപ്പൊട്ടി ഇറങ്ങുന്നുണ്ട്. ഇതിലൊക്കെയെന്തിരിക്കുന്നു എന്ന സാധാരണ ഭാവം ചെറുപ്പക്കാരന് നല്കിയത് ഒരുപക്ഷേ അകത്തുകിടക്കുന്ന മദ്യമായിരിക്കും. എന്തുപറഞ്ഞാലും മദ്യത്തിന് അത്തരമൊരു ഗുണമുണ്ട്. തളര്‍ന്നു പോകുന്ന ചില നേരങ്ങളില്‍ വല്ലാത്തൊരു ബലം തരും.
അകത്ത് പോസ്റ്റുമോര്‍ട്ടം നടക്കുന്നുണ്ടാവും.
ചുരുട്ടി മടക്കിയ പായയുമായി നില്ക്കുന്നവരുടെ ഭാവം കണ്ടാലറിയാം. ആത്മഹത്യ, അപകടം.... കൊലപാതകമായിരിക്കില്ല. അതിനിത്രയും ആളുപോരല്ലോ....
സത്യത്തില്‍ ഇവിടെനിന്നാണ് മനുഷ്യന്‍ പഠിക്കേണ്ടത്. മരണത്തിനുമുന്നില്‍ മനുഷ്യന്‍ നഗ്നനാവുന്നു.
അവള്‍ ഒരു തമിഴത്തിയാണ്.
വസൂരിക്കല നിറഞ്ഞ കറുത്തമുഖത്ത് ക്ലാവ് പിടിച്ചൊരു മൂക്കൂത്തി ചിരിക്കുന്നു. ആകെ തകര്‍ന്നുപോയൊരിരിപ്പാണ്.
പന്ത്രണ്ടോ പതിമൂന്നോ വയസ്സുതോന്നിക്കുന്നൊരു പയ്യന്‍ ഇടയ്ക്കിടെ അവരുടെ ചുമലില്‍ തൊടുന്നുണ്ട്.
അറ്റന്റര്‍ പുറത്തിറങ്ങിവന്ന് രൂക്ഷമായി അവരെ നോക്കി. അവര്‍ നിസ്സഹായമായി കൈ ഉയര്‍ത്തുകയും പിന്നെയത് സ്വന്തം നെഞ്ചിലേക്ക് ആഞ്ഞിടിക്കുകയും ചെയ്തു. അലമുറയോടൊപ്പം ഒരു തമിഴ് വിലാപം. അപ്പോഴും ആ പയ്യന്‍ അവരുടെ ചുമലില്‍ തൊട്ടു.
എന്നെ കണ്ടപ്പോള്‍ അറ്റന്റര്‍ ഒന്നു ചിരിച്ചു. അയാള്‍ക്കെന്നെ അറിയാമായിരിക്കും. എന്റെ പ്രസംഗങ്ങള്‍ കേട്ടിരിക്കും. അല്ലെങ്കില്‍ എന്റെ കവിതകള്‍ വായിച്ചിരിക്കും. ഇവരുടെ റിക്രിയേഷന്‍ ക്ലബിന്റെ ഉദ്ഘാടനത്തിന് എത്രവട്ടം ഞാന്‍....
ഞങ്ങളെക്കുറിച്ചൊന്നും കവിതയെഴുതിയേക്കല്ലേ സാര്‍... അഥവാ എഴുതുന്നുണ്ടെങ്കില്‍ വിവാദമാകണം.
ഇതാണ് സാഹിത്യത്തിന്റെ പുതിയ പരിപ്രേക്ഷ്യം.
വിവാദസാഹിത്യം.
ചങ്ങാതി എന്താ അവരുടെ പ്രശ്‌നം?
തമിഴന്‍മാരാ.... അവളുടെ കെട്ട്യോന്‍ ചത്തു. കുറേ ദിവസമായി ഇവിടെ കിടക്കുന്നു. ചത്തു. കുടിച്ചു കൂമ്പുവാടിപ്പോയതാ.
ആ പറഞ്ഞത് മനസ്സിലാകാം. പക്ഷേ  ഒടുവിലത്തെ മനുഷ്യനെ പരിഹസിക്കുന്ന ആ ചിരിയുണ്ടല്ലോ...
എന്തായി സാര്‍ നിങ്ങളുടെ പാര്‍ട്ടിയിലെ ട്രൂപ്പ് വഴക്ക്. ഇനി ആരൊക്കെ പുറത്തുപോവും....
ഏതു പാര്‍ട്ടി, ഏതു ഗ്രൂപ്പ്, എന്തു വഴക്ക്.....?
താടിക്കു കൈയും കൊടുത്തിരിക്കുന്നു ആ സ്ത്രീ. അവര്‍ക്കെന്തു പറ്റി. ശവം വിട്ടുകൊടുക്കണമെങ്കില്‍ 23,000 രൂപ ബില്ലടക്കണം. അതുപറഞ്ഞിട്ടാണെങ്കില്‍ ആ സ്ത്രീക്ക് മനസ്സിലാവുന്നുമില്ല. ദിവസം രണ്ടായി. ഇനിയിപ്പോള്‍ മോര്‍ച്ചറിയില് വെക്കുന്നതിന്റെ ചാര്‍ജ്ജും കൂടും.
മരിച്ച മനുഷ്യന്റെ വില കണ്ടോ.....?
13 വയസ്സുള്ള പയ്യന്‍ മോര്‍ച്ചറിയുടെ തൂണും മറഞ്ഞ് പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും പാന്‍പരാഗിന്റെ പോക്കറ്റെടുത്ത് കടിച്ചുമുറിച്ച് കയ്യിലിട്ടുതിരുമ്മി വായിലേക്കിട്ടു തിരിച്ചുവന്ന് വീണ്ടും അമ്മയുടെ മുന്നില്‍ നിന്നു.
ഞാനൊരു നിര്‍ധനനായ കവി. എനിക്കെന്തു ചെയ്യാനാവും?
കാശില്ലാത്തതിന്റെ പേരില്‍ ആശുപത്രിയില്‍ നിന്നും സ്വന്തം ഭര്‍ത്താവിന്റെ ജഡം വിട്ടികിട്ടാതെ വിലപിക്കുന്ന ഒരമ്മയെക്കുറിച്ച് കവിതയെഴുതാം അല്ലെങ്കില്‍ വളരെ ചെറുപ്പത്തിലേ ലഹരിക്കടിപ്പെട്ടുപോകുന്ന കുട്ടികളെക്കുറിച്ച്.....
"മോര്‍ച്ചറി.' അതു തന്നെ സമകാലീന കവിതയ്ക്കുപറ്റിയ
ഒരുഗ്രന്‍ ടൈറ്റിലാണ്. നോക്കൂ.... ഉദാരന്റെ വരവ്.
ഖാദിയുടെ വിശുദ്ധിയില്‍ വെളുവെളേ ചിരിച്ച്.... തോളില്‍ പത്രത്തോടൊപ്പം ഒരു കുട. കൈയ്യിലൊരു ടിഫിന്‍, ചായപ്പാത്രം.... വാര്‍ഡുകള്‍ തോറും കയറിയിറങ്ങിയുള്ള വരവാണ്. അനുയായികളുമുണ്ട് കൂടെ. അവരുടെ കൈയിലുമുണ്ട് ഭക്ഷണപ്പൊതികള്‍. ഒഴിഞ്ഞപാത്രങ്ങള്‍.
സത്യത്തില്‍ എന്തിനാണ് നമ്മുടെ വിപ്ലവകവികള്‍ ഖദര്‍ധാരികളെ ഇത്രയധികം കളിയാക്കുന്നത്....
ദൈവമേ... പെട്ടെന്ന് ഒന്നു ചുറ്റും പരതി. ഇല്ല. അതിലിനി പേടിക്കേണ്ടതായി ഒന്നുമില്ല. ഏതു ദൈവത്തെയും വിളിക്കാം. സര്‍വ്വത്ര സ്വതന്ത്രനല്ലേ.
ഉദാരന്‍ ചോദിക്കുന്നു: അമ്മാ ഒന്നുമായില്ലേ... പണമൊന്നും തരപ്പെട്ടില്ലേ.... നാട്ടിലാരെയെങ്കിലും വിളിച്ച്.....
ഇല്ല തമ്പി... തമിളത്തി വാവിട്ടുകരയുന്നു. ഇടയ്ക്കിടെ നെഞ്ചത്തടിക്കുന്നു. ഇതിനിടയില്‍ പതിമൂന്നുകാരനും കണ്ണുതുടച്ച് മുഖം കുനിച്ചുനില്ക്കുന്നു.
ഉദാരന്‍ കുനിഞ്ഞിരുന്നു. അയാള്‍ പതുക്കെ ആ അമ്മയുടെ ചുമലില്‍ തട്ടുന്നു. ഭയപ്പെടേണ്ട.... എല്ലാം ശരിയാവും. ഞാനും നിങ്ങടെ മകന്‍ മാതിരി.... ആ സ്ത്രീ പെട്ടെന്ന് അയാളുടെ കാലില്‍ കുമ്പിട്ടുവീണു. ആ തല അയാളുടെ കാലില്‍ പിന്നെയും പിന്നെയും വീണുകൊണ്ടിരുന്നു.
ഇരുപത്തിമൂന്നായിരം രൂപയുടെ ബില്ലടക്കണം. ബോഡി നാട്ടിലേക്ക് കൊണ്ടുപോവണം. എങ്ങനെ.... പണം വേണം. ആള്‍ സഹായവും വേണം. എങ്ങനെ.... നോക്കാം. എല്ലാം നോക്കാം. എന്തെങ്കിലും വഴിയുണ്ടോന്ന് നോക്കാം.
അയാള്‍ നടന്നു. അവര്‍ കൂപ്പുകൈയ്യോടെ നിന്നു. പിന്നെ വീണ്ടും തളര്‍ന്ന് തൂണും ചാരിയിരുന്നു.
മതി. ഇത്രയും കാഴ്ചകള്‍ തന്നെ അധികമാണ്. ഉറക്കമില്ലാത്ത രാത്രികളേ കൂട്ടിരിക്കാന്‍ വന്നുകൊള്ളുക.
""ഡോക്ടര്‍ ഒന്നും പറഞ്ഞില്ല.''
ഡോക്ടര്‍ ചിരിച്ചു. ആ ചിരിയിലും ഒരു ഉദാരതയുണ്ട്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്കുതന്നെ അറിയാം. പിന്നെയെന്തെങ്കിലും മെഡിസിന് കുറിച്ചിട്ടുതരിക അതാണ് ഞാന്‍ ചെയ്യേണ്ടത്. സാധാരണ ഇത്തരം കേസുകളില്‍ ഞങ്ങളല്പം സെഡേഷന്‍ കൊടുക്കും. മനസ്സിനെ ഉറക്കിക്കിടത്തും. മനസ്സാണല്ലോ പ്രശ്‌നം. പിന്നെ പറയേണ്ടത് അല്പം യോഗ ഫോളോ ചെയ്യാനാണ്. തുറന്നു പറയട്ടേ.... നിങ്ങളോടെനിക്ക് കള്ളം പറയാനാവാത്തതുകൊണ്ടാണ്. ചുറ്റുപാടുകളാല്‍ വേവലാതിപ്പെടുന്ന വളരെ സെന്‍സിറ്റീവായ മനസ്സുള്ളവര്‍ക്ക്... നിങ്ങളെപ്പോലുള്ളവരെ... ചികിത്സിച്ചതു കൊണ്ടൊന്നും....
മതി.
ഉത്തരം ക്ലിയറാണ്. ഡോക്ടര്‍ എന്നോടൊന്നും മറച്ചുവച്ചില്ലല്ലോ. നന്ദി. ഉച്ച കഴിഞ്ഞിരിക്കുന്നു.
നല്ല വിശപ്പുണ്ട്. എന്തെങ്കിലും കഴിച്ചിട്ട് നല്ലൊരു മാറ്റിനിക്ക് കയറിയിരിക്കാം. പുറം ലോകത്തെ മറക്കുക. അതാണ് വഴി. അതാണ് മരുന്ന്.
മൂല വ്യാധികള്‍ ഓപ്പറേഷന്‍ ചെയ്യാതെ സുഖപ്പെടുത്തും എന്ന ഡോക്ടര്‍ അധികാരിയുടെ ചുവന്ന ബോര്‍ഡിനപ്പുറത്ത് മരപ്പലകയില്‍ കഞ്ഞി, കപ്പ, ബീഫ് എന്നെഴുതിവച്ച കടയിലേക്ക് നൂണുകയറി. മേശമേല്‍ ആവിപൊങ്ങുന്ന കഞ്ഞിപ്പാത്രങ്ങള്‍ നിരന്നിരിക്കുന്നു.
ഇരുന്നപാടെ കഞ്ഞി മുന്നിലെത്തി. ബീഫെടുക്കട്ടെ സാര്‍. കപ്പ, ഓംലൈറ്റ്.... വേണ്ട ഇത്തിരി ചമ്മന്തി മതി.
മൂന്നാം ബഞ്ചിലെ ആ വെറും കഞ്ഞിസാറിന് ചമ്മന്തി
കൊടുക്കൂ....
കഞ്ഞി കഴിച്ചിറങ്ങുമ്പോള്‍ തമിഴത്തിയും പതിമൂന്നുകാരനും ധൃതിയില്‍ മുന്നില്‍ വന്നു നിറഞ്ഞു.
രണ്ടുപേരും കഞ്ഞി കുടിച്ചോളൂ. ഞാന്‍ കാശുകൊടുക്കാം. ഞാനും ഉദാരനായി. വേണ്ട തമ്പി. കാശ് കിട്ടി. കഞ്ഞി കുടിച്ച് നമ്മള് നാട്ടിലേക്കു പോകും.
എപ്പടി.
അന്ത കടവുള്‍ മാതിരി ആള് കാശ് തന്ന്... കൂടുതലൊന്നും പറയാതെ അവര്‍ കടയിലേക്കു കയറി.
സന്തോഷംകൊണ്ട് മനസ്സ് നിറഞ്ഞു. ഇതാണ് നമ്മുടെ ലോകത്തിന്റെ ഒരു പ്രത്യേകത. ദുഷ്ടത കൊണ്ട് നിറഞ്ഞതാണെന്ന് തോന്നിപ്പിക്കും. അപ്പോഴാണ് നന്മയുടെ പൊന്‍വെളിച്ചവുമായി ഒരാള്‍ പ്രത്യക്ഷപ്പെടുക.
ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ എന്നു പറയുന്നത് ഇതായിരിക്കും.
എനിക്കയാളെയൊന്ന് കാണണം. ആ കൈപിടിച്ചൊന്ന് കുലുക്കണം. പറ്റുമെങ്കില്‍ കെട്ടിപ്പുണര്‍ന്ന് മതിവരുവോളം...
മനസ്സിന്റെ പിരുമുറുക്കങ്ങളെല്ലാം അയയുന്നതുപോലെ... ഈ ലോകം പലതരത്തില്‍ നമ്മെ വിഭ്രമിപ്പിക്കുകയാണ് അത്രയേയുള്ളൂ. അത് തിരിച്ചറിഞ്ഞാല്‍ മതി.
മോര്‍ച്ചറിക്കുമുന്നില്‍, ആശുപത്രിവരാന്തയില്‍, നേഴ്‌സിംഗ്‌റൂമില്‍, രോഗികളുടെ ക്യൂവില്‍ അയാളെ തിരഞ്ഞു.
ഇവിടെ പാവപ്പെട്ട രോഗികള്‍ക്ക് മരുന്നും ഭക്ഷണവുമൊക്കെ.. സൗജന്യമായി... ആ വെളുത്ത മുണ്ടും ഷര്‍ട്ടുമിട്ട....
വരും. എപ്പോ വരുമെന്നറിയില്ല.
ഞാന്‍ കാത്തു. എനിക്ക് കാത്തുനില്ക്കാതെ പറ്റില്ല. അയാളെ കാണണം. കുറേനേരം സംസാരിക്കണം. ഒരുപക്ഷെ എന്റെ എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്ന് അയാളുടെ കൈയിലുണ്ടായിരിക്കും.
ഇനിയൊന്നു പുറത്തിറങ്ങാം. ഒരു ചായ കുടിക്കാം. അന്തിപ്പട്ടിണിക്കാര്‍ക്ക് ഭക്ഷണവുമായി അയാള്‍ വരാതിരിക്കില്ല.
സന്ധ്യയായിരിക്കുന്നു. തട്ടുകടകളില്‍ ഫ്‌ളൂറസന്റ് വെളിച്ചത്തില്‍ മുട്ടപൊരിയുന്നതിന്റെ മണം.
ചായ വേണം. ഒരു പരിപ്പുവടയും ആയിക്കോട്ടെ.
അതാ അയാള്‍.....
ഓംലൈറ്റില്‍ നെയ്പ്പത്തിരി നുറുക്കിയിട്ട് ചവച്ചുകൊണ്ട്....
ഇടതുകൈയില്‍ ചായയും വലതുകൈയില്‍ പരിപ്പുവടയും.... അയാള്‍ക്കു കൈകൊടുക്കാന്‍ എനിക്കായില്ല.
ഒരുപാടുനേരമായി ഞാന്‍ കാത്തിരിക്കുന്നു. നിങ്ങള്‍ വരുമെന്നെനിക്കറിയാം.
അല്പം സംശയിച്ചിട്ടാണെങ്കിലും അയാള്‍ ചിരിച്ചു. ങ്ങ്ആ... രാവിലെ കണ്ടിട്ടുണ്ട്. ആ മോര്‍ച്ചറിയുടെ മുന്നില്‍ വെച്ച്... അല്ലേ.
ഞാന്‍ തലയാട്ടി.
അയാള്‍ പെട്ടെന്നു തിന്നുതീര്‍ത്ത് ഞങ്ങളുടെ രണ്ടുപേരുടെയും ബില്ലുകൊടുത്ത് എന്റെ തോളില്‍ ചേര്‍ത്തുപിടിച്ചുനടന്നു.
വെറുതെ നടക്കാം അല്ലേ....
എവിടെയെങ്കിലും ഇരിക്കണം. എനിക്കു കുറേ സംസാരിക്കാനുണ്ട്.
അതിനെന്താ....
അയാളൊന്നു ഞൊടിച്ചപ്പോള്‍ ഒരോട്ടോറിക്ഷ വന്ന് മുന്നില്‍ നിന്നു.
വാ... കയറ്.
ഞാനയാളെ ചേര്‍ന്നിരുന്നു. എന്റെ തോളില്‍ തന്നെയായിരുന്നു അയാളുടെ കൈ.
കവിയല്ലേ....
ഓ.... എനിക്കു വല്ലാത്ത സന്തോഷം തോന്നി. എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ തന്നെ തിരിച്ചറിയുക. ഒരു കവിക്ക് ഇതില്‍പ്പരം എന്തുവേണം.
ഞാന്‍ ചിരിച്ചു.
ഞാനും കവിതയും ലേഖനവുമൊക്കെ എഴുതിയിരുന്നു. എണ്‍പതുകളില്‍ അന്ന് വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നല്ലോ.....
എനിക്കെല്ലാം മനസ്സിലായി.
എണ്‍പതുകളില്‍ ജീവിച്ചിരുന്നതുകൊണ്ടാണ് ഇയാള്‍ക്കിത്രയും മാനുഷികത.
ചോര തിളക്കുന്ന യൗവനത്തിലൂടെ ഇയാള്‍ കടന്നുപോയിട്ടുണ്ട്.
എനിക്ക് ഗദ്ദറിന്റെ കവിതകളാണിഷ്ടം....
ഓട്ടോറിക്ഷ ഒരു നാലു നില കെട്ടിടത്തിന്റെ മുന്നില്‍ വന്നു
നിന്നു. വണ്ടിയില്‍ നിന്നിറങ്ങുമ്പോഴും റിക്ഷാക്കാരന് കാശുകൊടുക്കുമ്പോഴും അയാളെന്റെ തോളിലെ പിടിവിട്ടതേയില്ല.
എ/സി ബാര്‍ അറ്റാച്ച്ഡ് റസ്റ്റോറന്റ് എന്നു കണ്ടപ്പോള്‍ ഞാനയാളോടു ചോദിച്ചു.
നിങ്ങള്‍ മദ്യപിക്കുമോ.
മദ്യം ഒരു പാപമല്ല. ചായ കുടിക്കുന്നതുപോലെ ഊണുകഴിക്കുന്നതുപോലെ ഒന്ന്.
നാലാമത്തെ നിലയിലെ ഓപ്പണ്‍ ബാര്‍ റസ്റ്റോറന്റിന്റെ ആളൊഴിഞ്ഞ മൂലയിലെ വട്ടമേശക്കു മുന്നില്‍ ഞങ്ങളിരുന്നു.
എന്തുവേണം?
ഞാനിതുവരെ മദ്യം രുചിച്ചിട്ടില്ല എന്നെങ്ങിനെ പറയും? അറിയണം ഈ രുചിയും. ഇനിയിപ്പോള്‍ ആരെയും പേടിക്കേണ്ടല്ലോ.
എനിക്കറിയില്ല. ഞാനിതുവരെ കഴിച്ചിട്ടില്ല. പക്ഷെ ഇന്നു കഴിക്കും. നിങ്ങളോടൊപ്പം.
ഗ്ലാസ്സില്‍ സോഡയും ഐസ്ക്യൂബുമിട്ട് എനിക്കുതന്ന് മറ്റേത് കൈയിലെടുത്ത് അയാള്‍ പറഞ്ഞു. മദ്യപാനത്തിന് ചില ഫോര്‍മാലിറ്റികളുണ്ട്....
ചിയേഴ്‌സ്.
ഗ്ലാസ്സുകള്‍ കൂട്ടിമുട്ടുമ്പോള്‍ തുളുമ്പിപ്പോവാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പതുക്കെയാണ് രുചിച്ചത്.
ഇനി ഞാന്‍ നിര്‍ബന്ധിക്കില്ല. ആവശ്യമുള്ളത് ഒഴിച്ച്
കുടിക്കാം.
ആദ്യത്തെ ഗ്ലാസ്സ് തീര്‍ക്കാന്‍ കുറേനേരമെടുത്തു. അയാള്‍ മൊബൈല്‍ ഫോണെടുത്ത് അതിന്റെ കാല്‍ക്കുലേറ്ററില്‍ എന്തൊക്കെയോ കണക്കുകൂട്ടി. ആരെയോ വിളിച്ചു ഇടയ്‌ക്കെന്നോട് എന്തൊക്കെയോ ചോദിച്ചു. പുതിയ കവിതയില്‍ സത്യസന്ധമായ ജീവിതമില്ലെന് അഭിപ്രായപ്പെട്ടു.
എനിക്കും വല്ലാത്തൊരു രസം തോന്നിത്തുടങ്ങി. മദ്യപിച്ച് കലയേക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത് ഒരു രസം തന്നെ.
കുറേ കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞ കുപ്പിനോക്കി അയാള്‍
ചോദിച്ചു. നിര്‍ത്തുകയാണോ അതോ ഇനിയും വേണോ....
മതി. തീര്‍ത്തും മതി.
ഒന്നു ചോദിച്ചോട്ടെ നിങ്ങളാ തമിഴത്തി സ്ത്രീയുടെ ഭര്‍ത്താവിന്റെ ജഡം.... എങ്ങനെയാണത്.....
അയാള്‍ എന്റെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കി. പിന്നെയാ മുഖത്ത് ഒരു ചിരി തെളിയുവാന്‍ തുടങ്ങി... പിന്നെയാ ചിരിക്ക് ഒച്ചവെച്ചു....
മുന്നോട്ടാഞ്ഞ് ഒരു സ്വകാര്യം പോലെ അയാള്‍ പറഞ്ഞു. വളരെ ഭംഗിയായി ആ പ്രശ്‌നം സോള്‍വ് ചെയ്തു.
എങ്ങനെ.
ഇരുപത്തയ്യായിരം കൊണ്ട് ആസ്പത്രി ബില്ലുതീര്‍ത്തു. ഒരിരുപത്തയ്യായിരം ആ സ്ത്രീക്കും കൊടുത്തു. മൂന്നു നാലുദിവസം പഴകിയ ആ ശവം ഇനി നാട്ടിലേക്കൊന്നും കൊണ്ടുപോവേണ്ടെന്നും ഞാന്‍ തന്നെ ആളെ ഏര്‍പ്പാടാക്കി.
ഇവിടെ പൊതുശ്മശാനത്തില്‍ ദഹിപ്പിച്ചോളാമെന്നും....
ഞാനയാളുടെ കൈകള്‍ മുറുകെപ്പിടിച്ചു.
വല്ലാത്തൊരു മനുഷ്യന്‍ തന്നെ നിങ്ങള്‍.
എത്ര ഉദാരനാണ്....
ഉദാരന്‍.... ഉദാ... രന്‍. അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
ഞാനപ്പഴേ മെഡിക്കല്‍ കോളേജിലെ പിള്ളേര്‍ക്ക് ആ ശവം മറിച്ചുവിറ്റു. ഒന്നര ലക്ഷത്തിന്. പിള്ളേര് കീറിമുറിച്ച് പഠിച്ചോട്ടെന്ന്.
അതിന്റെ ആഘോഷാ ഈ ചെലവ്. മനസ്സിലായോ?
ചുമലില്‍വെച്ച അയാളുടെ കൈമുറുകി. എനിക്ക് ശ്വാസം
മുട്ടുന്നതുപോലെ തോന്നി. കൈതട്ടി ഒഴിഞ്ഞ മദ്യക്കുപ്പി നിലത്തുവീണ് ചിതറി. അയാളുടെ കൈ തട്ടിമാറ്റി ഞാന്‍ ടോയ്‌ലറ്റിലേക്കോടി....
എനിക്ക് ഛര്‍ദ്ദിക്കണം.......

1 comment:

ബുലോക കഥ said...

ഞാനപ്പഴേ മെഡിക്കല്‍ കോളേജിലെ പിള്ളേര്‍ക്ക് ആ ശവം മറിച്ചുവിറ്റു. ഒന്നര ലക്ഷത്തിന്. പിള്ളേര് കീറിമുറിച്ച് പഠിച്ചോട്ടെന്ന്.
അതിന്റെ ആഘോഷാ ഈ ചെലവ്. മനസ്സിലായോ?
ചുമലില്‍വെച്ച അയാളുടെ കൈമുറുകി. എനിക്ക് ശ്വാസം
മുട്ടുന്നതുപോലെ തോന്നി. കൈതട്ടി ഒഴിഞ്ഞ മദ്യക്കുപ്പി നിലത്തുവീണ് ചിതറി. അയാളുടെ കൈ തട്ടിമാറ്റി ഞാന്‍ ടോയ്‌ലറ്റിലേക്കോടി....
എനിക്ക് ഛര്‍ദ്ദിക്കണം......