നിന്നിലൂടെ ഞാൻ എന്നിലെത്തുമ്പോൾ ഞാൻ നിന്നെയും നീ എന്നെയും അറിയുന്നു... നമ്മളെന്ന ബോധമുള്ള ഒരു ജനത ഈ ലോകത്ത് പിറവിയെടുക്കുന്നു! പിന്നെ ഞാനും നീയും ചേർന്ന് ഗോതമ്പ് വിളയിക്കുന്നു, കൊയ്യുന്നു, വീഞ്ഞും പലഹാരങ്ങളും നിർമ്മിക്കുന്നു...." സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റിന്റെ പ്രൊഫൈലില്‍ എന്റെ സ്റ്റാറ്റസ് ഇങ്ങനെയാണ് ഞാന്‍ കുറിച്ചിട്ടത്!
"താങ്കളുടെ പ്രൊഫൈല്‍ കണ്ടു! എന്റെ നാട്ടിലെപ്പോലെ കാടും പടലും കടലും നിറഞ്ഞ ഹോംടൗണിന്റെ ചിത്രങ്ങളും കണ്ടു. മനോഹരം! ഞാൻ എലീന ഫ്രെഡറിക്, എനിക്ക് താങ്കളെ പരിചയപ്പെടാന്‍ താല്‍പ്പര്യമുണ്ട്, ഞാന്‍ ഇരുണ്ട ഭൂഖണ്ഢത്തിലെ ഘാന എന്ന രാജ്യത്തു നിന്നു വരുന്നു. അക്രയില്‍നിന്ന് കൊക്കോ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വിപണി കണ്ടെത്തുവാനും മാര്‍ക്കറ്റിംഗ് സ്റ്റഡി നടത്തുവാനുമാണ് ഇവിടെയെത്തിയത്! ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കൂ... 055 9425010" ഇൻബോക്സിൽ അവളുടെ ആദ്യവിളി ഇങ്ങനെയാണെത്തിയത്!
സെക്സ് ടൂറിസത്തിന്റെ വിളനിലമായ ഇവിടെയെത്തിപ്പെടുന്ന മാംസവ്യാപാര റാക്കറ്റിന്റെ പുതിയ വിപണനതന്ത്രം എന്ന നിലയില്‍ പതിവുപോലെ ആ മെസ്സേജ്ജ് തള്ളിക്കളയാന്‍ തോന്നിയില്ല! റെസ്പോണ്ട് ചെയ്യേണ്ട; വഴിയേ കാണാം... രണ്ടു ദിവസങ്ങള്‍ക്കുശേഷം എന്റെ വാള് സ്പേസില്‍ അവള് ഇങ്ങനെ എഴുതി.
"ഞാന്‍ ഇരുണ്ട ഭൂഖണ്ഡത്തിന്റെ പ്രതിനിധി! വിശപ്പിന്റെ പ്രതീകം, വെറുപ്പിന്റെ പ്രതിഷ്ഠ! ഹ്യൂമണ്‍ അപ്പീല്‍ ഇന്റര്‍നാഷണലുമായി സഹകരിച്ച് സന്നദ്ധസേവനവും നടത്തുന്നു. എനിക്ക് താങ്കളുമായി അല്‍പ്പം സംസാരിക്കാനുണ്ട് മീറ്റ് മീ ഈഫ് യൂ കാന്‍" ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക എന്ന നിലയില്‍ മെനെഞ്ഞെടുത്ത ഒരു ആഫ്രിക്കന്‍ സ്ത്രീപര്‍വ്വത്തെ മനസ്സില്‍ വരച്ച്, കൊടുക്കാനുദ്ദേശിച്ച ഡൊണേഷൻ തുക പ്രത്യേകം മാറ്റി വെച്ച് 'അറ്റ്ലാന്‍ഡിസി' ലെ അക്വാറിയത്തിന്റെ പ്രവേശനവാതിലില്‍ അലസമായി ഞാന്‍ എലീനയെ കാത്തുനിന്നു...
അക്വാറിയത്തിന്റെ ചില്ലുഗുഹകളിലെ മല്‍സ്യങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവളുടെ തിളങ്ങുന്ന കണ്ണുകളില്‍ ഒരു ചീറ്റയുടെ തിളക്കവും മുയലിന്റെ പകപ്പും സമം ചേരുന്നു, ആഫ്രിക്കക്കാരിയെങ്കിലും കറുത്തതല്ല, തടിച്ച ദേഹമെങ്കിലും തുറിച്ചതല്ല, വടിവുകളുടെയും വിടവുകളുടെയും എഴുതപ്പെട്ട വഴികളിലൂടെ ഏത് രാജാവിനും തേരേറ്റാം...
പെണ്ണുടലുകളുടെ വംശീയ വ്യതിയാനങ്ങളുടെ പര്‍വ്വതാടിവാരങ്ങളെക്കുറിച്ച് ചിന്താകുലനായി ഞാന്‍ എലീനയോടൊപ്പം നടന്നു.. വൈപരീത്യമായ ഞങ്ങളുടെ അനാട്ടമിക് കോമ്പിനേഷനില്‍ തല്‍പ്പരരായ രണ്ട് ഭീമന് സ്രാവുകള്‍ ഞങ്ങളെത്തന്നെ തുറിച്ചു നോക്കുന്നു.. ആഹരിക്കുന്നവര്‍ക്കാവണം ഇരകളുടെ ദേഹവ്യതിയാനങ്ങളെക്കുറിച്ചും ഭിന്നരുചികളെക്കുറിച്ചും വ്യാകുലതകളുണ്ടാകുക!
വന്‍കരകളുടെ വ്യതിയാനം ഇണകളില്‍ തിരയുന്നതില്‍ പ്രസക്തിയില്ലെന്ന് പക്ഷേ ഇവിടുത്തെ ഭൂഖണ്ഢാന്തര സമൂഹത്തിന് നന്നായറിയാം. അവരതിന് മിനക്കെടാറുമില്ല. വിലക്കുകളും നിയമങ്ങളുമില്ലാത്ത വൈവിധ്യ ദാമ്പത്യങ്ങള്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ പോലും സുരക്ഷിത മാടങ്ങള്‍ കണ്ടെത്തുന്നു. സ്വയം ആള്‍മറ കെട്ടി തെളിനീരണിഞ്ഞു നില്ക്കുന്നു... അതിവിടുത്തെ പതിവ് കാഴ്ചയാണ്...
"നീ ഈ മീനുകളെ നോക്ക്, കറുപ്പും വെളുപ്പും ചുവപ്പും മഞ്ഞയും എല്ലാം ചുണ്ടുരുമ്മി, ചിറകുരുമ്മി ഒരേ താളത്തില്‍ ഒരേ പാത്രത്തില്‍ ഒരേ വെള്ളത്തില്‍...! ഫൈറ്റര്‍ മീനുകളെ മാറ്റിയിട്ടിരിക്കുന്നതു കണ്ടോ? സ്വന്തം നിഴലിനോടു പോലും പട വെട്ടുന്നവരാണവ! എനിക്കു പലപ്പോഴും കണ്ണാടിക്കൂട്ടിലെ ഒറ്റ ഫൈറ്റര്‍ ആകാനാണു മോഹം, പ്രതിബിംബത്തിനോടുള്ള യുദ്ധം വളരെ ആരോഗ്യകരവും ഉന്മത്തകരവുമാണ്"
"പക്ഷേ ഇപ്പോഴെനിക്ക് കലാപങ്ങളോടല്ല താല്‍പ്പര്യം. സൗഹൃദങ്ങളോടാണ്..അതു നല്കുന്ന ഊര്‍ജ്ജവും പരപ്പും നിര്‍വ്വചിക്കാവുന്നതിനു മപ്പുറത്താണ്..., പട്ടിണിയുടെയും മരണത്തിന്റെയും ഇടയില്‍ നിന്ന് ഞാനെന്റെ ലാപ്ടോപ്പ് തുറക്കുമ്പോള്‍ ഞാനും ഈ ലോകത്തിന്റെ ഭാഗമാണെന്ന വിശ്വാസം വരുന്നു.. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിങിലൂടെ കിട്ടുന്ന സാന്ത്വനം, ക്ഷണം സഹായം എല്ലാം എന്റെ നാട്ടിലെ ഈ പാവങ്ങള്‍ക്ക് വീതിച്ചു നല്കുമ്പോള് അവരുടെയുള്ളില്‍ ഈ കമ്പ്യൂട്ടറിന് ദൈവിക പരിവേഷം ലഭിക്കുന്നു...ഞാനതിന്റെ പുരോഹിതനുമാകുന്നു..."
ഒരു അപരിചതനോട് സംസാരിക്കുന്നതിന്റെ ചാപല്യമേതുമില്ലാതെ അവൾ തുടർന്നുകൊണ്ടേയിരുന്നു.. ഈ മുൻപരിചയവും അടുപ്പവും ഒരു പക്ഷേ സോഷ്യൽനെറ്റ് വർക് സൈബർകൂടാരങ്ങളിലെ സഹവാസം കാരണം ഉണ്ടായതായേക്കാം, അതുകൊണ്ട്തന്നെയാവണം ചിരപരിചിതനെപ്പോലെ അവളെന്നെ മുട്ടിയുരുമ്മി നടക്കുന്നത്!
"ജൈവീകമായ ഒരിന്ത്യന്‍ സൗഹൃദം ഞാനേറെയിഷ്ടപ്പെടുന്നു.. ആയിരത്തിലധികം പ്രൊഫൈലുകള്‍ അനലൈസ് ചെയ്താണ് ഞാന്‍ നിന്നിലെത്തിയത്!... നീ ഈ സി.ഡി കാണൂ ബാക്കി ദൃശ്യങ്ങള്‍ പിന്നാലെ മെയില്‍ ചെയ്യാം... ഞങ്ങളുടെ നാട്ടിലെ ഗ്രാമീണകാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്ന ജനതയുടെ ദാരുണമായ ജീവിത സാഹചര്യങ്ങളാണ് ഇതില്‍ പകര്‍ത്തപ്പെട്ടിട്ടുള്ളത്.."
“മണ്ണുതിന്നുന്ന മനുഷ്യരേയും വയറില്ലാത്ത കുഞ്ഞുങ്ങളെയും മുലയില്ലാത്ത അമ്മമാരെയും നിനക്ക് കാണാം... നിന്നെയോ നിന്റെ സുഹൃത്തുക്കളെയോ ഏതെങ്കിലും രീതിയില്‍ ഇത് സ്വാധീനിക്കുന്നുവെങ്കില്‍ ഞാനെന്ന സേവിക മൂല്യവത്താകും... വിരോധമില്ലെങ്കിൽ നമുക്ക് ഇന്റർനാഷണൽ സിറ്റി വരെ ഒന്നു പോകാം അവിടുത്തെ ക്ലോത്ത് ബാങ്കും മറ്റു സജ്ജീകരണങ്ങളും നിനക്കു കാണുകയുമാവാം..."
മൊറോക്കോ ക്ളസ്റ്ററിലെ അവളുടെ ഫ്ളാറ്റിലേയ്ക്ക് കയറിയപ്പോൾ തെല്ലൊരമ്പരപ്പ് തോന്നതിരുന്നില്ല, ഗൾഫ് വാസത്തിലെ നിത്യജീവിതത്തിൽ ഡസ്റ്റ് ബിന്നിൽ തള്ളാറുള്ള ഒരുവിധം എല്ലാം അവിടെ വിവിധങ്ങളായി തരംതിരിച്ച് കാർഗോ ബോക്സുകളിൽ അടുക്കിവച്ചിരിക്കുന്നു, കുറ്റിപ്പെൻസിലുകൾ മുതൽ പഴയ കളിപ്പാട്ടങ്ങൾ കീറിയ ബാഗുകൾ പഴയ തുണി, ബ്ളാങ്കറ്റ്, പർദ്ദ, ഒറ്റച്ചെരുപ്പുകൾ വരെ...!
"ചില കാർഗോ ഏജൻസികളുടെ സഹായത്തോടെ ഞങ്ങൾ ഇവയെല്ലാം എന്റെ നാട്ടിൽ എത്തിക്കുന്നു.. ഇവിടുത്തെ ഈ ലൈസ് പോയ പർദ്ദ, അവിടുത്തെ അമ്മമാരുടെ തണുത്തു മരവിച്ച ശരീരങ്ങൾക്ക് ഒരു ആവരണമായി അല്ലെങ്കിൽ അവയമായിത്തന്നെ പുനർജ്ജനിക്കുന്നു... ഇവിടുത്തെ കമ്പനികളുമായും സ്കൂൾ കോളേജുകളുമായും സഹകരിച്ചും ഞങ്ങൾ ഇവ സ്വീകരിച്ചുകൊണ്ടിരിക്കുന്നു, അവർക്കത് ഒരു പരസ്യമായും ഞങ്ങൾക്കത് ഒരു ജീവിതമായും മൂല്യവൽക്കരിക്കപ്പെടുന്നു! കൂടാതെ എല്ല ബസ്സ്റ്റേഷനുകളിലും ഞങ്ങൾ ക്ളോത്ത് ബാങ്കുകൾ സ്ഥാപിയ്ക്കുന്നു, എന്തും നിങ്ങൾക്കതിൽ നിക്ഷേപിക്കാം...”
തിരിച്ചുപോരുമ്പോൾ മനസ്സും ശരീരവും കനപ്പെട്ടിരിക്കുന്നു... ഒരസ്വസ്ഥതയുടെ വിറയലോടെ കൈകൾ സ്റ്റിയറിംഗിൽ പരതുന്നു.... ലോകം, വ്യത്യസ്ഥജീവിതസാഹചര്യങ്ങൾ, ഞാൻ, അവൾ, പിന്നെയീ നഗരം, അവർ എല്ലാം ഒരു കൊളാഷുപോലെ റോഡിനിരുവശങ്ങളിലും വെറുങ്ങലിച്ചു നിൽക്കുന്നു!
"ഉറുഗ്വേ വേഴ്സ് ഖാന, അസ്സമാവോ ഗ്യാന്‍സ് മിസ്സിങ് പെനാല്‍റ്റി" http://www.youtube.com/watch?v=5rUbIzZLVnQ ഡിസ്ക്രിപഷനോടൊപ്പം ഒരു യൂടൂബ് ലിങ്കും വളരെ ചുരുക്കത്തില്‍ ഒരു കുറിപ്പുമാണ് ഇന്‍ബോക്സ് തുറന്നപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്!
എലീന ഫ്രെഡറികിന് ഇതെന്തു പറ്റി? ഹ്യൂമണ്‍ അപ്പീല്‍ ഇന്റര്‍നാഷണലിന്റെ സന്നദ്ധപ്രവര്‍ത്തനം മതിയാക്കി കാല്‍പ്പന്തിന്റെ ഇന്ദ്രജാലപ്പെരുമയിലേക്ക് അവളും ചേര്‍ന്നോ?
കഴിഞ്ഞയാഴ്ച കണ്ടതാണ്, ഒരാഴ്ച്ചത്തേക്ക് ഒരു വിവരവുമില്ലായിരുന്നു!
ജോലിത്തിരക്കുകളുടെ സമയക്രമങ്ങളില്‍ നിന്നും, ഒഴിവുസമയത്തെ തിരക്കുകള്‍ക്കിടയില്‍ നിന്നും വ്യതിചലിച്ച്, ദുബായ് പോലൊരു നഗരത്തിന്റെ വന്യമായ സാന്ദ്രതയില്‍ നിന്ന് അവളെയെങ്ങനെ ഓര്‍ത്തെടുക്കാനാണ്, രാവെന്നും പകലെന്നും ഇന്നെന്നും നാളെയെന്നുമില്ലാത്ത ദീര്‍ഘദിവസങ്ങളലൂടെ പരിപാലിക്കപ്പെട്ട്, പരിലാളിക്കപ്പെട്ട് സൗഹൃദം നിലനിര്‍ത്തുക എന്നത് വിഷമകരമാണ്! ഇന്റര്‍കോണ്ടിനെന്റല്‍ സമൂഹത്തിന്റെ തിരക്കാര്‍ന്ന ആള്‍ക്കൂട്ടത്തിന് നടുവിലെ വിജനതയില്‍ സ്വയം മറന്ന് വാരിപ്പുണര്‍ന്ന് ഉമ്മ വെച്ചുകൊണ്ട്, സ്റ്റാര്‍ബക് കഫേയിലെ തണുത്ത കുഷ്യനില്‍ അമര്‍ന്നിരുന്ന് മാര്‍ദ്ദവമാര്‍ന്ന, നന്നേ നനുത്ത മാറിടങ്ങളില്‍ മുട്ടിയുരുമ്മി വിശേഷങ്ങള്‍ കേട്ടുകൊണ്ട് സമയം കളയുന്നതിനേക്കാളൊക്കെ നല്ലത്, ജി-ടാക്കിലൂടെയോ, മൊബൈല്‍ ഫോണിലൂടെയോ മെസഞ്ജറിലൂടെയൊ ഒക്കെ കടന്നു വരുന്ന ജീവനില്ലാത്ത, മണമില്ലാത്ത, മാര്‍ദ്ദവമില്ലാത്ത വിനിമയങ്ങളിലൂടെ സൗഹൃദങ്ങള്‍ കൃഷി ചെയ്യുന്നതാണ്.
അതുകൊണ്ട് തന്നെ അകന്നു പോകുന്ന സൗഹൃദങ്ങളെയോര്‍ത്ത് വേവലാതിപ്പെടാറില്ല, വല്ലപ്പോഴും ചില പ്രത്യേക മണങ്ങളിലൂടെ, വേറിട്ട സംഗീതത്തിലൂടെ, അമൂര്‍ത്തമായ കോസ്റ്റ്യൂമുകളിലൂടെയൊക്കെ പഴയ ഓര്‍മ്മകള്‍ വന്നു പൊതിയാറുണ്ടെങ്കിലും ഒരു പാസ്വേര്‍ഡിനപ്പുറം ഒരായിരം സൗഹൃദങ്ങള്‍ മുട്ടിയുരുമ്മി, തിങ്ങി വിമ്മി വീര്‍പ്പുമുട്ടിയിരിക്കുമ്പോള്‍ ഏകാന്തത എന്നത് പഴയ, കാല്‍പ്പനികമായ ഒരു പദം മാത്രമായിത്തീരുന്നു.
ഇതേ ചിന്തകളുടെ ആഫ്രിക്കന്‍ വന്യതയും വൈപരീത്യവും അവളിലൂടെയും പ്രസരിക്കുന്നുണ്ടാവണം; അതുകൊണ്ട് തന്നെയാവണം ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ ഓഫീസില്‍ വന്ന് വന്യമായ ആധികാരികതയോടെ ഡേറ്റിംഗ് എന്ന അതിവിശാലമായ വനങ്ങളുടെ ഏറുമാടങ്ങളിലേക്ക് എന്നെയും കൊണ്ട് അവള് ഊളിയിടാറുള്ളത്!
യൂടൂബ് ലിങ്കിൽ വെറുതേ മൗസ് അമർത്തി! ഒരു വിജയത്തിന്റ് വാതില്‍പ്പടിയിൽ നിന്നും വളരെ ചെറിയ ഒരു പിഴവ് ഒരു സമൂഹത്തിനെ തന്നെ എങ്ങിനെ വേലിക്കു പുറത്തേയ്ക്ക് തെറിപ്പിച്ചിടുന്നുവെന്ന് സ്വയം വെളിപ്പെടുത്തുന്നുണ്ട് അസമാവോ ഗ്യാൻ... കളി അങ്ങനെയാണ് വിജയത്തിനും തോല്‍വിക്കും ഇടയിലുള്ള ആ മണിക്കൂറുകളാണ് ഓരോ കളിയുടെയും ആത്മാവ്! അതിനൊടുവിൽ അത് സ്ഥായിയായ നിയോഗത്തിൽ സ്വതന്ത്രമാക്കപ്പെടുന്നു, ചിലത് ഗതികിട്ടാതെ അലഞ്ഞ്, മറ്റു ചിലത് ആർഭാടമായി അടക്കം ചെയ്ത്...
കൂടെയുണ്ടായിരുന്ന ഫാമിലി, ഫ്ളാറ്റ്മാറിപോയപ്പോൾ, ഏതെങ്കിലും മൂവേർസിനെ ഏല്‍പ്പിച്ച് ക്ളീനാക്കാനും ഉപേക്ഷിക്കാനും ഏല്‍പ്പിച്ചിരുന്ന സാധനങ്ങളിൽ നിന്നും എലീനയ്ക്കും അവളുടെ നാട്ടുകാർക്കും ഉപയോഗപ്രദമെന്നു തോന്നിയവയെല്ലാം പാക് ചെയ്തു വണ്ടിയിലിട്ടു. ഇന്നേതായാലും ആഫ്രിക്കൻ കാടു കേറാം.. ക്ലോത്ത് ബാങ്കില്‍ അലക്കിപ്പൊതിഞ്ഞ വസ്ത്രങ്ങളും പഴയ ഷൂവും നിക്ഷേപിക്കുമ്പോള്‍ ബാങ്ക് സ്വീകരിക്കുന്ന വസ്തുക്കളുടെ നീണ്ട ലിസ്റ്റും ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പെയര്‍ഡ് ഫൂട്ട്വെയർസ്, അണ്ടര്‍വെയര്‍, ബാഗ്, ആള് ക്ലോത്ത്സ്, ബ്ലാങ്കറ്റ്സ്.....
തിരിച്ചിറങ്ങുമ്പോൾ ആഫ്രിക്കയിലെ ദരിദ്രരായ കുഞ്ഞുങ്ങളുടെയും അഭയാര്‍ത്ഥികളുടെയും ഫോട്ടോയില്‍ കണ്ണുടക്കി... വസ്ത്ര വിതരണം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അതു സ്വീകരിക്കുന്നവരുടെയും കണ്ണുകള്‍ക്കിടയിലൂടെ നേര്‍ത്ത നൂല് പോലെ ഒരു വെള്ളി വെളിച്ചം പുറപ്പെടുന്നു. ക്രമേണ അതൊരു വെള്ളിരേഖയായി മാറി, പതുക്കെ പതുക്കെ മദ്ധ്യത്തില്‍ തിടം വെച്ച് ഒരു എല്‍.സി.ഡി സ്ക്രീന്‍ രൂപപ്പെട്ടു. ശോഷിച്ച നെഞ്ചിനു കീഴെ വീര്‍ത്തു വികൃതമായി ഉന്തിയ വയറില്‍ നിന്ന് ഒരു ഗോളം സ്ക്രീനിലേക്ക് പറന്നു! പതുക്കെ പതുക്കെ വര്‍ണ്ണങ്ങളും മുദ്രകളും പ്രത്യക്ഷപ്പെട്ട് അതൊരു കാല്പ്പന്തായി മാറി. ആവേശത്തിന്റെ ചെമ്പുകമ്പികളാല്‍ ചുറ്റപ്പെട്ടു വൈദ്യുതി പ്രവഹിക്കുന്ന പച്ചിരുമ്പ് ശരീരങ്ങളിലേക്ക് അത് സജാതീയമായി വികര്ഷിച്ചു കൊണ്ടും വിജാതീയമായി ആകര്‍ഷിക്കപ്പെട്ടുകൊണ്ടും മൈതാനം മുഴുവനും പാറിപ്പറന്നു. ഓരോ കണ്ണുകളില്‍ നിന്നും നേര്‍ത്ത വ്യദ്യുത് നാരുകള്‍ സ്വജാതീയ ദൃഡതയ്ക്ക് കരുത്തു പകര്‍ന്നുകൊണ്ടിരുന്നു... പന്തിന്മേലുള്ള ഓരോ പ്രഹരവും ഓരോ ഉരുളകളായി വിശക്കുന്ന വയറുകളിലേക്ക് തുളച്ചു കയറി.. അവർ ആർത്തു വിളിച്ചു! വിളിയുടെ രൗദ്രതയിൽ ഉൾവിളി തിടം വെച്ചു അത് മറുമരുന്നായ്, കരുത്തായ് വിശപ്പിനെ മറച്ചു!
വളരെ സുന്ദരിയായി ഒരുങ്ങിയിരിക്കുന്നു അവൾ! ആ സമയം എന്നെ അവിടെ പ്രതീക്ഷിക്കാത്തതിനാലോ എന്തോ, റൂഷ് തേച്ച് ചുകപ്പിച്ച അവളുടെ മുഖം ഒന്നുകൂടി വിടർന്നു... "ഇരിക്കൂ ഡിയർ, നമുക്കൊന്നു പുറത്ത് പോകാം..! അതിന് ഏത് ഡ്രസ്സ് ഇടണമെന്ന കൺഫ്യൂഷനിലാണ് ഞാനിപ്പോൾ ഏതായാലും നീ വന്നത് നന്നായി..."
മരവിച്ച ശരീരങ്ങൾക്കുമേൽ പഴയ തുണിത്തരങ്ങൾ ചെറുചൂട് നൽകുന്ന ഒരവയമായി പുനർജ്ജനിക്കുന്നുവെന്ന്പറയുന്നവൾ, ഇവിടെ ഡിന്നർപാർട്ടിയ്ക്കിടേണ്ട വസ്ത്രത്തെക്കുറിച്ച് വ്യാകുലമാകുന്ന നാഗരികതയെ, അതർഹിക്കുന്ന ഗൗരവത്തിൽ തന്നെ തള്ളിക്കളഞ്ഞു...
"എവിടെ നിന്റെ പഴയ പാക്കേജുകൾ? എല്ലാം അയച്ചോ? പുതിയ കളക്ഷൻ എങ്ങനെ?"
"ഓ, അത് ഞാനിപ്പോൾ റൂമിലേയ്ക്ക് കൊണ്ടുവരാറില്ല എന്തോ ഈ പുതിയ നഗരം പുതിയ ഗന്ധങ്ങൾ എനിക്കു പകർന്നു നൽകിയതിനാലാകാം ഇപ്പോൾ അതിന്റെ ഗന്ധം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു... പിന്നെ വല്ല ഗസ്റ്റും വന്നാൽ ഒരു മോശമല്ലെ? കഴിഞ്ഞയാഴ്ച കൊക്കൊ പൗഡറിന്റെ ഡീൽ ഉറപ്പിക്കാൻ ഇവിടെയെത്തിയ ഇറാനി കച്ചവടക്കാരൻ അതെല്ലാം കണ്ട് വല്ലാതെ അസ്വസ്ഥനായി. ഒടുവിൽ എന്റെയീ വിഭവസമൃദ്ധമായ വഴിയരികുകളിലാണ് അയാൾ വിശ്രമിച്ചതും വിശപ്പാറ്റിയതും, കുറ്റം പറയരുതല്ലോ നടപ്പു വിലയിലും അല്‍പ്പം ഉയർന്ന വിലയിൽ തന്നെ ഒരു കണ്ടെയ്നർ കൊക്കോ ഉല്‍പ്പന്നങ്ങൾ അയാൾ ബുക് ചെയ്തു അഡ്വാൻസും കിട്ടി. ഈയഴ്ച എനിക്ക് നാട്ടിൽ പോകണം അവിടെ വസ്ത്രവും മരുന്നുമെല്ലാം വിതരണം ചെയ്ത കൃഷിയിടങ്ങളിൽ നിന്നും കൂടുതൽ കൊക്കോ സമാഹരിക്കണം, ഞാനെന്ന സേവികയോട് അവരാരും ഒരു വിലത്തർക്കത്തിന് മുതിരില്ല ഞാൻ പറയുന്നതാണ് വില!"
മനോഹരമായി ചിരിച്ചു കൊണ്ട് അവൾ എന്നെ നോക്കി കണ്ണിറുക്കി. "ഞാൻ കുറച്ച് സാധനങ്ങൾ കൊണ്ടുവന്നിരിക്കുന്നു, കുറച്ച് ബാങ്കിൽ നിക്ഷേപിച്ചു, ബാക്കി നേരിട്ട് തരാമെന്നു കരുതി... വണ്ടിയിൽ ഇരിപ്പുണ്ട്..."
"നീയതും കൊണ്ട് ബാങ്കിൽ നിക്ഷേപിക്കൂ.. അപ്പോഴേക്കും ഞാനൊന്ന് റെഡിയാവാം"
"ഇന്ന് ഞാൻ ഡ്രൈവ് ചെയ്യാം, നിനക്കെന്നെയും...."
നിന്റെ കൂടെയുണ്ടായിരുന്നവർ ഫ്ളാറ്റു മാറിയെന്നല്ലേ പറഞ്ഞത്? ഒറ്റയ്ക്കുള്ളതാമസം ചിലവുകൂട്ടും, നീയതുകൊണ്ട് നാളെ തന്നെ താമസം മാറൂ, മൊറോക്കോ ക്ളസ്റ്ററിലെ എന്റെ ഫ്ളാറ്റിൽ ഇനിമുതൽ നിനക്ക് താമസിക്കാം ഞാൻ എമിറേറ്റ്സ് ഹില്ലിലെ പുതിയ വില്ലയിലേയ്ക്ക് താമസം മാറുന്നു അവിടെ സ്വിമ്മിംഗ് പൂൾ, ജിം, വാലറ്റ് പാർക്കിംഗ് എല്ലാ സൗകര്യവുമുണ്ട്, പിന്നെ അവിടെയാകുമ്പോൾ ബിസിനസ് ഗസ്റ്റുകളെ വേണ്ട വിധത്തിൽ ട്രീറ്റ് ചെയ്യുകയുമാവാം. പഴമ മണക്കുന്ന ഇന്റർനാഷണൽ സിറ്റി മടുത്തു... അതിന്റെ വാടക ഏജൻസി തരും! സോ നിനക്ക് പണം മുടക്കില്ലാതെ അവിടെ താമസിക്കാം അല്പം ചില കാർട്ടണുകൾ പേരിന് സൂക്ഷിച്ചാൽ മതി..."
"സ്ഥിരതാമസമാക്കുന്നില്ല ഒഴിവുസമയങ്ങളിൽ ഞാൻ അവിടെ പൊക്കൊള്ളാം കഴിയാവുന്നത്ര പഴയവ സംഭരിക്കുകയുമാവാം"
"ആസ് യുർ ലൈക്.... ഒന്നും ചെയ്തിട്ട് കാര്യമില്ലെന്നാണ് എനിക്കു തോന്നുന്നത് ഞാനൊരാൾ എന്തെങ്കിലും ചെയ്തെന്ന് വച്ച് ഈ ലോകവും എന്റെ നാട്ടുകാരും നന്നാവാനൊന്നും പോകുന്നില്ല! നല്ല കാലം നല്ല രീതിയിൽ ജീവിക്കാൻ ഞാൻ ശീലിച്ചു കഴിഞ്ഞു...."
അടിവാരങ്ങളിലൂടെ വിരലോടുമ്പോൾ അവൾക്കിപ്പോൾപഴയ പുളപ്പില്ല, നീയാണ് ആദ്യമെന്ന രോമാഞ്ചത്തോടെ വിറയാർന്ന വിരലുകാളല്ല, അവളിപ്പോൾ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത്! പോകേണ്ട വഴികളെക്കുറിച്ചെല്ലാം അവൾക്കിപ്പോൾ എന്നെക്കാൾ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്! അതിവേഗ പാതകളുടെയും മണലിടവഴികളുടെയും തുരങ്കങ്ങളുടെയും പാതകൾ പിന്നിട്ട് അവളെന്നെ വളരെ പെട്ടെന്നു വഴുക്കലുകളുള്ള കുളക്കടവിലെത്തിച്ചു!
കാടുകേറി തിരിച്ചിറങ്ങുന്നവരെ അടുത്തയാഴ്ച നടത്താൻതീരുമാനിക്കപ്പെട്ട വീടുമാറ്റത്തെക്കുറിച്ച് അവൾ സൂചിപ്പിച്ചിരിന്നില്ല...!
എമിറേറ്റ്സ് ഹില്ലിലെ പുതിയ വില്ലയിൽ ആഘോഷം പൊടിപൊടിക്കുന്നു, എമിറേറ്റ്സിലെ പ്രസിദ്ധമായ ഈവൻ മാനേജ്മെന്റ് കമ്പനിയാണ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്... അതിഥികൾക്കെല്ലാം വിശിഷ്ടമായ പ്രത്യേകതരം കൊക്കോ നിർമ്മിതപാനീയങ്ങളാണ് വിതരണം ചെയ്യുന്നത്! എനിക്കായ് നീക്കിവച്ച സെറ്റിയിലിരുന്ന് ഒരു കൊക്കോവൈൻ നുകർന്നു കൊണ്ട് ഞാൻ ഐഫോണിലെ ഇൻബോക്സിൽ വിരലോടിച്ചു.... "ഉറുഗ്വേ വേഴ്സ് ഖാന, അസ്സമാവോ ഗ്യാന്‍സ് മിസ്സിങ് പെനാല്‍റ്റി" അസമാവോയുടെ മിസ്സിംഗ് പെനാൽറ്റി യൂടൂബിലൂടെ ഒന്നുകൂടി കണ്ടു! കൊക്കോപാടത്തെ മണ്ണടരുകളിലേയ്ക്ക് വേരു ദ്രവിച്ച ഒരു മരം കടപുഴകി... വീഞ്ഞിനും എലീനയ്ക്കും ഒരേ മണമായിരുന്നു, കൊക്കോപഴത്തിന്റെ ചുവന്ന ഗന്ധം... ഇപ്പോൾ വീഞ്ഞിന്റെ മണം ഇല്ലാതാകുന്നു...പകരം ആൾക്കൂട്ടത്തിന്റെ മണം വീഞ്ഞിൽ കലരുന്നു...
ആൾക്കൂട്ടത്തിൽ നിന്ന് ഒറ്റച്ചെരിപ്പുകൾ ഊരിവീഴുന്നു, അഴിച്ചെറിഞ്ഞ മേൽവസ്ത്രങ്ങൾ ഉരുക്കഴിച്ച ടൈകൾ രാലഹരിയിൽ ഊരിയെറിഞ്ഞ കോട്ടുകൾ, അധികപ്പറ്റായ, കീറിയെറിഞ്ഞ അടിവസ്ത്രങ്ങൾ എന്നിവയെല്ലാം ഞാനിരിക്കുന്നതിനു ചുറ്റും കുമിഞ്ഞുകൂടുന്നു, അകത്ത് ആഫ്രിക്കൻ സംഗീതം കൊഴുക്കുന്നു, ഹുക്കയിലൂടെയുതിരുന്ന ഉന്മാദത്തിന്റ പുകപടലങ്ങളിലൂടെ എല്ലാവരും അർദ്ധദൃശ്യരാകുന്നു.... തിരിച്ചറിയപ്പെടാത്ത ആൾരൂപങ്ങൾ ഏകരൂപം പ്രാപിക്കുന്നു, പാർട്ടി അതിന്റെ സ്ഥായിയായ മൂർദ്ധന്യാവസ്ഥയിലേയ്ക്ക് പ്രവേശിക്കുന്നു...
വൈനിനിടയിൽ നിന്ന് ചുവന്ന നാക്കു നീട്ടി ഒരാൾക്കൂട്ടം എന്തൊക്കെയോ പുലമ്പുന്നു.. വീഞ്ഞിന്റെ ലഹരി ആറിത്തണുത്തു. കൈയിൽ കിട്ടിയതെല്ലാം ഒതുക്കിയെടുത്ത് ഞാൻ വണ്ടിയിൽ നിക്ഷേപിച്ചു! ഇന്നുരാത്രികൊണ്ടുതന്നെ ഞാനെല്ലം ക്ളോത്ത് ബാങ്കുകളും നിറയ്ക്കും... ഇപ്പോൾ തന്നെ തിരിക്കാം എലീനയോട് യാത്രപറയാതെ പോകുന്നതെങ്ങനെ ഒന്നു കണ്ടു വിവരം പറയാം... വീഞ്ഞിലൂടെയും നൃത്തത്തിലൂടെയും പകുത്തവരുടെയിടയിലൂടെ എലീനയെ എങ്ങനെ കണ്ടെത്താം.....?
ഘാനയുടെയും ഉറുഗ്വായുടെയും ക്വാർട്ടർ ഫൈനൽ മൽസരം ഹാളിലെ എൽ.ഇ.ഡി. ടിവിയിലൂടെ റീപ്ളേയ് ചെയ്തുകൊണ്ടിരിക്കുന്നു... അതിനുമുന്നിലുള്ള വിശാലമായ സെറ്റിയിൽ എലീന ഒരു ഫുട്ബോൾ മൈതാനം പോലെ വൃത്താകാരം പൂണ്ടിരിക്കുന്നു... ചുറ്റും ആർത്തലയ്ക്കുന്ന കളിക്കമ്പക്കാർ... വലയ്ക്കകത്തേയ്ക്കും വേലിയ്ക്കു പുറത്തേയ്ക്കും തെറിക്കുന്ന ഷൂട്ടുകൾ, ഓരോ ജനതയും ഇഷ്ടവിനോദങ്ങളിലൂടെ വിശപ്പും ദാഹവും മറന്ന് ഒന്നാകുന്നതെങ്ങനെയുള്ള ഒറ്റനോട്ടത്തിനു പിറകിലൂടെ ഞാൻ ക്ളോത്ത് ബാങ്ക് ലക്ഷ്യമാക്കി നടന്നു.
3 comments:
ഘാനയുടെയും ഉറുഗ്വായുടെയും ക്വാർട്ടർ ഫൈനൽ മൽസരം ഹാളിലെ എൽ.ഇ.ഡി. ടിവിയിലൂടെ റീപ്ളേയ് ചെയ്തുകൊണ്ടിരിക്കുന്നു... അതിനുമുന്നിലുള്ള വിശാലമായ സെറ്റിയിൽ എലീന ഒരു ഫുട്ബോൾ മൈതാനം പോലെ വൃത്താകാരം പൂണ്ടിരിക്കുന്നു... ചുറ്റും ആർത്തലയ്ക്കുന്ന കളിക്കമ്പക്കാർ... വലയ്ക്കകത്തേയ്ക്കും വേലിയ്ക്കു പുറത്തേയ്ക്കും തെറിക്കുന്ന ഷൂട്ടുകൾ, ഓരോ ജനതയും ഇഷ്ടവിനോദങ്ങളിലൂടെ വിശപ്പും ദാഹവും മറന്ന് ഒന്നാകുന്നതെങ്ങനെയുള്ള ഒറ്റനോട്ടത്തിനു പിറകിലൂടെ ഞാൻ ക്ളോത്ത് ബാങ്ക് ലക്ഷ്യമാക്കി നടന്നു
nalla kathha. nalla bhasha.
sooo nice. :-)
നല്ല കഥ, നല്ല ഭാഷ. വളരെ ഇഷ്ടപ്പെട്ടു.
ആശംസകള്‍.
Post a Comment